26 Dec 2022 4:50 PM IST
Summary
- ഇതിന് മുമ്പ് വിദേശ നിക്ഷേപകര്‍ ഒക്ടോബറില്‍ എട്ട് കോടി രൂപയും സെപ്റ്റംബറില്‍ 7,624 കോടി രൂപയും പിന്‍വലിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡെല്‍ഹി: വിദേശ നിക്ഷേപകര്‍ ഡിസംബറില്‍ ഇതുവരെ ആഭ്യന്തര ഓഹരികളില്‍ നിക്ഷേപിച്ചത് 11,557 കോടി രൂപ. ചൈനയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കോവിഡ് വ്യാപിക്കുന്ന സമയമായിട്ടും നിക്ഷേപം ഒഴുകിയെത്തി. ഡിപ്പോസിറ്ററികളുടെ കണക്കനുസരിച്ച്്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഡിസംബര്‍ 1-23 കാലയളവില്‍ 11,557 കോടി രൂപയാണ് ഓഹരികളില്‍ നിക്ഷേപിച്ചത്. നവംബറിലെ 36,200 കോടി രൂപയുടെ അറ്റ നിക്ഷേപത്തെ തുടര്‍ന്നാണിത്.
പ്രധാനമായും ഡോളര്‍ സൂചിക ദുര്‍ബലമായതും മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക് പ്രവണകളുമാണ് ഇതിനു കാരണം. ഇതിന് മുമ്പ് വിദേശ നിക്ഷേപകര്‍ ഒക്ടോബറില്‍ എട്ട് കോടി രൂപയും സെപ്റ്റംബറില്‍ 7,624 കോടി രൂപയും പിന്‍വലിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിസംബറിന്റെ ആദ്യ പകുതിയില്‍ വിദേശനിക്ഷേപകര്‍ ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ് എന്നീ ഓഹരികളില്‍ നിക്ഷേപം നടത്തുകയും, ഉപഭോക്തൃ ഉത്പന്നങ്ങള്‍, എണ്ണ, വാതകം, ഊര്‍ജ്ജം, ധനകാര്യം എന്നീ ഓഹരികളുടെ വില്‍പ്പനക്കാരുമായിരുന്നു.
2022-ല്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് 1.21 ലക്ഷം കോടി രൂപയാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. ഡിസംബറില്‍ ഡെറ്റ് വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ 2,900 കോടി രൂപ പിന്‍വലിച്ചു. ഇന്ത്യയൊഴികെ, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്വാന്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളില്‍ ഈ മാസം ഇതുവരെ വിദേശ നിക്ഷേപം നെഗറ്റീവായിരുന്നു.