image

9 July 2025 10:47 AM IST

News

പൊതുപണിമുടക്ക് പുരോഗമിക്കുന്നു; സേവന മേഖലകളെ ബാധിച്ചതായി യൂണിയനുകള്‍

MyFin Desk

പൊതുപണിമുടക്ക് പുരോഗമിക്കുന്നു;   സേവന മേഖലകളെ ബാധിച്ചതായി യൂണിയനുകള്‍
X

Summary

പശ്ചിമ ബംഗാള്‍, കേരളം, ബീഹാര്‍ സംസ്ഥാനങ്ങളെ പണിമുടക്ക് ബാധിച്ചു


രാജ്യത്തുടനീളം 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് പുരോഗമിക്കുന്നു. തപാല്‍, ബാങ്കിംഗ്, വൈദ്യുതി, പൊതുഗതാഗതം തുടങ്ങി നിരവധി സേവനങ്ങളെ ഇത് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പുതിയ തൊഴില്‍ നിയമങ്ങളില്‍ പ്രതിഷേധിച്ചും മറ്റ് വിഷയങ്ങളിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.

പശ്ചിമ ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, കര്‍ണാടക, തമിഴ്നാട്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പ്രക്ഷോഭത്തിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പിടിഐയോട് പറഞ്ഞു. ബാങ്കിംഗ്, തപാല്‍, വൈദ്യുതി സേവനങ്ങളെ പണിമുടക്ക് ബാധിക്കുമെന്ന് അവര്‍ പറഞ്ഞു.

ചെമ്പ്, കല്‍ക്കരി ഖനനങ്ങളെ ഇത് ബാധിക്കുമെന്നും പല സംസ്ഥാനങ്ങളിലെയും പൊതുഗതാഗതത്തെയും ഇത് ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷക യൂണിയനുകള്‍ അവരുടെ പ്രദേശങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാല് തൊഴില്‍ നിയമങ്ങള്‍ നിര്‍ത്തലാക്കുക, കരാര്‍വല്‍ക്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, മിനിമം വേതനം പ്രതിമാസം 26,000 രൂപയായി ഉയര്‍ത്തുക, സ്വാമിനാഥന്‍ കമ്മീഷന്റെ ഫോര്‍മുലയായ സി 2 പ്ലസ് 50 ശതമാനം അടിസ്ഥാനമാക്കിയുള്ള വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യങ്ങള്‍ എന്നിവയാണ് യൂണിയനുകളുടെ ആവശ്യങ്ങള്‍.