9 April 2023 11:04 AM IST
Summary
- പുതു സംരംഭങ്ങൾക്ക് രാജ്യത്ത് മികച്ച പ്രോത്സാഹനം
- നിരക്ക് വർധനയിലുള്ള താത്കാലിക വിരാമം ആശ്വാസകരം
മുംബൈ: ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ ജിഡിപി വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് എച്ച് ഡി എഫ് സി യുടെ ചെയർമാൻ ദീപക് പരേഖ്. എങ്കിലും പല വലിയ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഇന്ത്യ വളരെ ശക്തമായാണ് നിലനിൽക്കുന്നതെന്നും പരേഖ് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സ്ഥിരത, വാക്‌സിൻ സുരക്ഷ, ഭക്ഷ്യസുരക്ഷ, ശക്തമായ ആഭ്യന്തര ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ, ഡിജിറ്റൈസേഷൻ സംരംഭങ്ങൾ, സാമ്പത്തിക മേഖലയ്ക്ക് ശക്തമായ നിയന്ത്രണ സംവിധാനം മുതലായ അനുകൂലമായ സാഹചര്യങ്ങൾ ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് റീസേർച്ച് സെന്റർ ഫോർ ഫാമിലി ആൻഡ് ബിസിനസ് ആൻഡ് എന്റർപ്രെണർഷിപ്പിന്റെ ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അനുകൂലമായ സ്റ്റാർട്ടപ്പ് അന്തരീക്ഷം ഉള്ളതിനാൽ ഇന്ത്യയിലെ പുതു സംരംഭങ്ങളുടെ എണ്ണം വർധിച്ചുവെന്നും യുഎസിനും ചൈനയ്ക്കും ശേഷം ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പരേഖ് അഭിപ്രായപ്പെട്ടു.
ആഗോള രാജ്യങ്ങൾ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശ നിരക്ക് നിയന്ത്രണാതീതമായി വർധിപ്പിക്കുന്നതും മറ്റൊരു നിർണായകമായ പ്രശ്നമാണെന്ന് പരേഖ് പറഞ്ഞു. ഇത് പല സാമ്പത്തിക രാജ്യങ്ങളിലെയും ജീവിത ചെലവ് പ്രതിസന്ധിയിലാക്കി. ഇന്ത്യയിൽ നിലവിലെ നിരക്ക് വർധനയിൽ ഒരു താൽകാലിക വിരാമം ആർ ബി ഐ സ്വീകരിച്ചത് വളരെ ആശ്വാസമാണെന്നും പരേഖ് പറഞ്ഞു.ഫാമിലി ബിസിനസുകളിൽ ഇന്ന് കാണുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം വരും തലമുറയുടെ വിദ്യാഭ്യാസത്തിനായുള്ള നിക്ഷേപമാണെന്ന് പരേഖ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുത്തിരുന്നു. യുവാക്കളെ നയിക്കാനും ഉചിതമായ കാഴ്ചപ്പാട് നൽകാനും കഴിയുന്ന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളാണ് രാജ്യത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. അനന്ത സാധ്യതകളുള്ള ഗ്രാമീണ, ആദിവാസി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവസംരംഭകരോട് ഗഡ്കരി അഭ്യർത്ഥിച്ചു.