2 March 2024 3:08 PM IST
Summary
- മാര്‍ച്ച് 1 നാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ നിന്ന് നീക്കം ചെയ്തത്
- സര്‍വീസ് ഫീസുമായി ബന്ധപ്പെട്ടാണു ഗൂഗിള്‍ ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ക്ക് നേരെ നടപടി സ്വീകരിച്ചത്
- വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ്
ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കാനുള്ള ഗൂഗിളിന്റെ നടപടി അനുവദിക്കാനാകില്ലെന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ താക്കോലാണെന്നും അവരുടെ വിധി നിശ്ചയിക്കാന്‍ ഒരു ടെക് ഭീമനെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ചില ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ ഗൂഗിള്‍ പുനസ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് ഗൂഗിളിന്റെ നീക്കത്തെ വിമര്‍ശിച്ചിരുന്നു.
മാര്‍ച്ച് 1 നാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ നിന്ന് നീക്കം ചെയ്തത്.
ഭാരത് മാട്രിമോണി, മാട്രിമോണി ഡോട്ട് കോം, ഷാദി, 99 ഏക്കേഴ്‌സ് ഡോട്ട് കോം, നൗക്കരി ഡോട്ട് കോം, ഓഡിയോ പ്ലാറ്റ്‌ഫോമായ കുക്കു എഫ്എം ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തിരുന്നു.
സര്‍വീസ് ഫീസുമായി ബന്ധപ്പെട്ടാണു ഗൂഗിള്‍ ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ക്ക് നേരെ നടപടി സ്വീകരിച്ചത്.
ഭാരത് മാട്രിമോണി ആപ്പ് പ്രവര്‍ത്തിപ്പിക്കുന്ന മാട്രിമോണി ഡോട്ട് കോമിനും ഇന്‍ഫോ എഡ്ജിനും മുമ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നോട്ടീസ് അയച്ചിരുന്നു. ജീവന്‍ സാഥി എന്ന പേരിലുള്ള മാട്രിമോണി ആപ്പ് ഇന്‍ഫോ എഡ്ജിന്റേതാണ്.
ഗൂഗിളിന് ഫീസ് നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഈ ആപ്പുകള്‍ നീക്കം ചെയ്തത്.
പ്ലേ സ്റ്റോറിലെ മൊബൈല്‍ ആപ്പുകള്‍ക്കിടയിലുള്ള പണമിടപാടുകളില്‍ 15 മുതല്‍ 30 ശതമാനം വരെ ഫീസ് ഗൂഗിള്‍ ഈടാക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്ന ഇന്ത്യയിലെ ആന്റി കോംപറ്റീഷന്‍ ബോഡിയായ സിസിഐ ഉത്തരവിട്ടു. തുടര്‍ന്ന് ഗൂഗിള്‍ 11 മുതല്‍ 26 ശതമാനം വരെ ഫീസ് ഈടാക്കാന്‍ തുടങ്ങി. എന്നാല്‍ ഇതും തടയാന്‍ ശ്രമിച്ചു.
ഈ വിഷയത്തില്‍ സുപ്രീം കോടതി ഗൂഗിളിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണു ഫീസ് അടയ്ക്കാത്ത ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.