image

24 March 2023 5:00 PM IST

News

ടോള്‍ പിരിക്കാന്‍ ജിപിഎസ് അധിഷ്ഠിത സംവിധാനം ആറ് മാസത്തിനകം: ഗഡ്ക്കരി

MyFin Desk

gps and toll plazas will be smart to collect tolls
X

Summary

  • നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോള്‍ വരുമാനം നിലവില്‍ 40,000 കോടി രൂപയാണ്.


ഡെല്‍ഹി: രാജ്യത്ത് നിലവിലുള്ള ഹൈവേ ടോള്‍ പ്ലാസകള്‍ക്ക് പകരമായി ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഹൈവേകളില്‍ സഞ്ചരിക്കുന്ന കൃത്യമായ ദൂരത്തിന് വാഹനമോടിക്കുന്നവരില്‍ നിന്ന് പണം ഈടാക്കാനുമാണ് ഈ നീക്കമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

സിഐഐ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോള്‍ വരുമാനം നിലവില്‍ 40,000 കോടി രൂപയാണെന്നും ഇത് 2-3 വര്‍ഷത്തിനുള്ളില്‍ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനങ്ങള്‍ നിര്‍ത്താതെ ഓട്ടോമേറ്റഡ് ടോള്‍ പിരിവ് സാധ്യമാക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനത്തിന്റെ (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍) പൈലറ്റ് പ്രോജക്ട് നടത്തി വരികയാണ്.

2018-19 കാലയളവില്‍, ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം 8 മിനിറ്റായിരുന്നു. 2020-21, 2021-22 കാലയളവില്‍ ഫാസ്ടാഗുകള്‍ അവതരിപ്പിച്ചതോടെ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 47 സെക്കന്‍ഡായി കുറഞ്ഞു.

ചില സ്ഥലങ്ങളില്‍, പ്രത്യേകിച്ച് നഗരങ്ങള്‍ക്ക് സമീപം കാത്തിരിപ്പ് സമയത്തില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും, തിരക്കേറിയ സമയങ്ങളില്‍ ടോള്‍ പ്ലാസകളില്‍ ഇപ്പോഴും കാലതാമസം അനുഭവപ്പെടുന്നുണ്ട്.