7 May 2023 5:45 PM IST
Summary
- ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമല്ല
- ഇറക്കുമതി ചെയ്യുന്നത് 800 ടണ്‍
- ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂദല്‍ഹി: ജൂലൈ ഒന്നുമുതല്‍ ഗോള്‍ഡ് ബാറുകളില്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് ഉണ്ടായിരിക്കില്ല. ഈ വിഷയത്തിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനായി ഉപഭോക്തൃമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്നുമുതല്‍ സ്വര്‍ണക്കട്ടികളില്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത് പ്രാബല്യത്തിലാകുമെന്ന റിപ്പോര്‍ട്ടുകളാണ് മന്ത്രാലയം തള്ളിയത്. അതേസമയം ഇത് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് മാസം മുതല്‍ സര്‍ക്കാര്‍ ഗോള്‍ഡ് ബാറുകളില്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കാന്‍ നീക്കം ആരംഭിച്ചതായും കരട് തയ്യാറായിട്ടുണ്ടെന്നും ബിഐഎസ് ചീഫ് പ്രമോദ് കുമാര്‍ തിവാരി അറിയിച്ചിരുന്നു.ഈ കരടിന് അന്തിമരൂപം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. എന്നാല്‍ നിലവില്‍ ജൂലൈ മുതല്‍ നിര്‍ബന്ധമാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗോള്‍ഡ് ബാറുകളുടെ പരിശുദ്ധി പ്രധാനഘടകമാണ്. രാജ്യത്ത് നിര്‍മിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ ഗോള്‍ഡ് ബാറുകളുടെ ഹാള്‍മാര്‍ക്കിങ് സഹായിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 700 മുതല്‍ 800 ടണ്‍ സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ സ്വര്‍ണക്കട്ടികള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയേക്കും.