30 Sept 2023 4:05 PM IST
Summary
- മണ്‍സൂണില്‍ മഴകുറഞ്ഞതാണ് കാരണം
- മലമ്പുഴയില്‍ 46ശതമാനവും ഇടമലയാറില്‍ 67ശതമാനവുമാണ് വെള്ളമുള്ളത്
- രാജ്യത്താകെയുള്ള ഡാമുകളിലെ ജലനിരപ്പും താഴ്ന്നു
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ 50 ശതമാനം വെള്ളം മാത്രം. അതായത് 0.530 ബിസിഎം( ബില്യണ്‍ ക്യുബിക് മീറ്റര്‍). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇടുക്കിയിലെ വെള്ളത്തിന്റെ അളവ് 1.46 ബിസിഎം ആയിരുന്നു.
കേരളത്തിലെ മറ്റ് പ്രധാന അണക്കെട്ടുകളായ മലമ്പുഴയില്‍ ശേഖരണശേഷിയുടെ 46 ശതമാനവും ഷോളയാറില്‍ 30 ശതമാനവും ആളിയാറില്‍ മൂന്നു ശതമാനവും വെള്ളം മാത്രമാണുള്ളത്. കക്കിയില്‍ 75 ശതമാനവും പെരിയാറില്‍ 63 ശതമാനവും മലമ്പുഴയില്‍ 46 ശതമാനവും ഇടമലയാറില്‍ 67 ശതമാനവും വെള്ളമുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ ബുള്ളറ്റനില്‍ പറയുന്നു.
രാജ്യത്തെ ആകെ വെള്ളത്തിന്റെ അളവ് 69.35%
സെപ്റ്റംബര്‍ 29 വരെ രാജ്യത്തെ 150 മുന്‍നിര അണക്കെട്ടുകളിലെ ജലത്തിന്റെ അളവ് മൊത്തം ശേഖരണ ശേഷിയുടെ 69.35 ശതമാനമാണെന്ന് ജല കമ്മീഷന്‍ അറിയിച്ചു. അതായത് 129.67 ബിസിഎം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 158.75 ബിസിഎം വെള്ളമുണ്ടായിരുന്നു. പത്തുവര്‍ഷത്തെ ശരാശരി ശേഖരണം 140.48 ബിസിഎം ആണ്.
ഈ അണക്കെട്ടുകളുടെ മൊത്തം ശേഖരണ ശേഷി 178.79 ബിസിഎം ആണ്.
ദക്ഷിണേന്ത്യന്‍ഡാമുകളിലെ വെള്ളം 48%
പൊതുവേ മഴ കുറഞ്ഞ ഈ മണ്‍സൂണ്‍ സീസണില്‍ ദക്ഷിണേന്ത്യയിലെ അണക്കെട്ടുകളിലെ വെള്ളത്തിന്റെ ശേഖരം സ്റ്റോറേജ് ശേഷിയുടെ 48 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 91 ശതമാനം വെള്ളമുണ്ടായിരുന്നു.
ദക്ഷിണേന്ത്യയിലെ 42 അണക്കെട്ടുകളുടെ ജലശേഷി 53.334 ബിസിഎം ആണ്. ഇപ്പോഴുള്ളത് 25.61 ബിസിഎം വെള്ളമാണ്. തുലാവര്‍ഷത്തിലാണ് കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതീക്ഷ.