23 Sept 2024 3:46 PM IST
Summary
- വിസിറ്റിംഗ് വിസയ്ക്ക് ഏജന്റുമാര്‍ വലിയ തുകകളാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ആവശ്യപ്പെടുന്നത്
- സിഎപി പൂര്‍ത്തിയാക്കിയിട്ടും ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലാന്റിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചു
ന്യൂസിലാന്‍ഡിലേക്കുള്ള അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ പെരുകിയതോടെ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇ- മൈഗ്രേറ്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കോമ്പെറ്റന്‍സി അസെസ്മെന്റ് പ്രോഗ്രാമിലും(ക്യാപ്) നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്സിംഗ്് പ്രൊഫഷണലുകള്‍ വിസിറ്റിംഗ് വിസയില്‍ അനധികൃതമായി ന്യൂസിലാന്റിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്.
ക്യാപില്‍ പങ്കെടുക്കാന്‍ വിസിറ്റിംഗ് വിസയ്ക്ക് ഏജന്റുമാര്‍ വലിയ തുകകളാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ആവശ്യപ്പെടുന്നത്. സിഎപി പൂര്‍ത്തിയാക്കിയിട്ടും നഴ്സിംഗ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലാന്റിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്. അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. ന്യൂസിലാന്റിലെ നഴ്സിംഗ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും. റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ emigrate.gov.inഎന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.