9 March 2024 5:36 PM IST
Summary
- അടിയന്തര ഘട്ടങ്ങളില്‍ കുട്ടികളുടെ തിരിച്ചറിയല്‍ രേഖയാണിത്
- സാധാരണ ആധാര്‍ കാര്‍ഡുകളിലേതുപോലെ 12 അക്ക നമ്പറുണ്ടാകും
- ഡിജിറ്റല്‍ കോപ്പിയായ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം
ഇന്ത്യയിലെ പൗരന്മാരുടെ പ്രധാനപ്പെട്ട രേഖയായി ആധാര്‍ മാറിയിട്ട് കാലങ്ങളായി. കുട്ടികളുടെയും പ്രധാനപ്പെട്ട ഐഡന്റിറ്റി രേഖയായും ആധാര്‍ കാര്‍ഡ് മാറിയിട്ടുണ്ട്. അവര്‍ക്കുള്ള ആധാര്‍ കാര്‍ഡ് അറിയപ്പെടുന്നത് ബ്ലൂ ആധാര്‍ അല്ലെങ്കില്‍ ബാല്‍ ആധാര്‍ എന്നാണ്. അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ബാല്‍ ആധാര്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഒരു പൗരന് ലഭിക്കേണ്ട അവകാശങ്ങള്‍ക്കൊപ്പം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട അധിക അവകാശങ്ങള്‍ കൂടി ചേര്‍ന്നതാണ് ബാല്‍ ആധാര്‍.
ബാല്‍ ആധാര്‍
കുഞ്ഞുങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ നിറം നീലയാണെന്നതാണ് ഇതിനെ ബ്ലൂ ആധാര്‍ എന്ന് വിളിക്കാന്‍ കാരണം. എന്നാല്‍, കുട്ടികള്‍ വളരുന്നതിനനുസരിച്ച് ഐറിസ്, വിരലടയാളം എന്നിവ മാറുന്നതിനാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാറില്ല. സാധാരണ ആധാര്‍ കാര്‍ഡുകളിലേതുപോലെ 12 അക്ക നമ്പറുണ്ടാകും.
എങ്ങനെ ബ്ലൂ ആധാറിന് അപേക്ഷിക്കാം
കുട്ടികള്‍ക്ക് ആധാര്‍ എടുക്കണമെങ്കില്‍ മാതാപിതാക്കള്‍ അവരുടെ ആധാറുമായി അടുത്തുള്ള എന്‍ റോള്‍മെന്റ് സെന്ററില്‍ ചെല്ലുക. അവിടെ നിന്നും നല്‍കുന്ന എന്‍ റോള്‍ ഫോം പൂരിപ്പിച്ച് നല്‍കണം. ഇത് കുട്ടിയുടെ ആധാറുമായി ബന്ധിപ്പിക്കും. കുട്ടിയുടെ ഫോട്ടോയെടുക്കും. ഈ സേവനങ്ങള്‍ സൗജന്യമാണ്. അപേക്ഷിച്ച് 90 ദിവസത്തിനുള്ളിലാണ് ആധാര്‍ ലഭിക്കുന്നത്.
ആവശ്യമായ രേഖകള്‍
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാര്‍. വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പാസ്‌പോര്‍ട്ട് എന്നിങ്ങനെ സര്‍ക്കാര്‍ അംഗീകരിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയും നല്‍കാം. അപേക്ഷ സമര്‍പ്പിച്ചി കഴിയുമ്പോള്‍ മാതാപിതാക്കളുടെ മൊബൈല്‍ നമ്പറിലേക്ക് ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. അതില്‍ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കി യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്നും സ്റ്റാറ്റസ് പരിശോധിക്കുകയും ഡിജിറ്റല്‍ കോപ്പിയായ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം.
കാലാവധി
ബ്ലൂ ആധാര്‍ കുട്ടിക്ക് അഞ്ച് വയസാകുമ്പോള്‍ അസാധുവാകും. അതിനു മുമ്പ് കുട്ടിയുടെ ബയോമെട്രിക് വിവരങ്ങളടക്കം നല്‍കി പുതുക്കേണ്ടതുണ്ട്. പിന്നീട് 15 വസ് കഴിയുമ്പോഴും ഇങ്ങനെ ചെയ്യാം.
എന്തുകൊണ്ട് ബ്ലൂ ആധാര്‍ നിര്‍ബന്ധം
കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സേവനങ്ങള്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, സ്‌കോളര്‍ഷിപ്പ്, ആരോഗ്യ ഇന്‍ഷുറന്‍സ, സുകന്യ സമൃദ്ധി പോലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. മാത്രവുമല്ല, അടിയന്തര ഘട്ടങ്ങളില്‍ കുട്ടികളുടെ തിരിച്ചറിയല്‍ രേഖയാണിത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ബാല വിവാഹം, പീഢനം തുടങ്ങിയവ കണ്ടെത്താനും തടയാനും ഇത് സഹായിക്കും. മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം വെളിവാക്കാനും ഇത് ഉപയോഗിക്കാം.