6 Nov 2023 5:03 PM IST
Summary
ദേവികുളത്തു പണി പൂർത്തിയായ ടോൾ ബൂത്തിന്റെ പ്രവർത്തനം ഉദ്ഘാടനത്തിന് മുമ്പേ തുടങ്ങുമെന്ന് ദേശിയപാത അധികൃതർ പറഞ്ഞു.
കൊച്ചി: കേന്ദ്ര റോഡ് ഗതാഗത, ദേശിയപാത മന്ത്രി നിധിൻ ഗഡ്കരി വടെക്കെഇന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാൽ, ഇടുക്കി ജില്ലയിലെ രണ്ടു പ്രധാന പദ്ധതികളുടെ ഉദ്ഘാടനം വൈകുന്നു മന്ത്രിയുടെ അസൗകര്യം മൂലം മൂന്നാമത്തെ പ്രാവശ്യമാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം മാറ്റിവെക്കുന്നത്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പണിപൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ടു ഭാഗത്തിന്റെയും, പെരിയാറിനു കുറുകെ ചെറുതോണിയിൽ തീർന്ന പുതിയ പാലത്തിന്റെയും ഉദ്ഘാടനമാണ് മന്ത്രിയുടെ അസൗകര്യ൦ മൂലം അനിശ്ചിതമായി വൈകുന്നത്.
പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (നവംബർ 6 ) നു നടക്കുമെന്ന് നേരത്തെ ജില്ലയിലെ ദേശിയപാത അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മന്ത്രി തെരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികളുമായി തിരക്കിലായതിനാൽ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനിയും ഉദ്ഘാടനം ഉണ്ടാകു എന്നാണ് അവർ ഇപ്പോൾ പറയുന്നത്. കൃത്യമായി എന്ന് ഉദ്ഘാനം നടക്കും എന്നവർക്ക് പറയാൻ കഴിയുന്നില്ല.
അതേസമയം, കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ദേവികുളത്തു പണി പൂർത്തിയായ ടോൾ ബൂത്തിന്റെ പ്രവർത്തനം ഉദ്ഘാടനത്തിന് മുമ്പേ തുടങ്ങുമെന്ന് ദേശിയപാത അധികൃതർ പറഞ്ഞു. ടോൾ കളക്ഷൻ നടത്തുന്ന ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള ടെൻഡർ നടപടികളെല്ലാം പൂർത്തിയായതായി അവർ അറിയിച്ചു.
ദേശീയപാതയിൽ ഓരോ 65 കിലോമീറ്ററിലും ഒരു ടോൾ ബൂത്ത് സ്ഥാപിക്കുക എന്നതാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച് എ ഐ ) യുടെ നയം.