image

29 Feb 2024 5:29 PM IST

News

ദേശീയപാതാനിര്‍മ്മാണം ഒരുലക്ഷം കിലോമീറ്ററിലേക്ക്

MyFin Desk

ദേശീയപാതാനിര്‍മ്മാണം ഒരുലക്ഷം കിലോമീറ്ററിലേക്ക്
X

Summary

  • മാര്‍ച്ച് അവസാനത്തോടെ റോഡ് നിര്‍മ്മാണം 95,000 കിലോമീറ്ററിലെത്തും
  • ഗതാഗതമാതൃകകള്‍ ആസൂത്രണം ചെയ്യുന്നത് ലോകോത്തര സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്
  • അതിവേഗ ഇടനാഴികള്‍ നിര്‍മ്മിക്കുന്നത് 50വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി


കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനിടെ 92,000 കിലോമീറ്റര്‍ ദേശീയ പാതകള്‍ ഗതാഗത മന്ത്രാലയം നിര്‍മ്മിച്ചതായി കണക്കുകള്‍. അടുത്തമാസം അവസാനത്തോടെ ഇത് 95,000 കിലോമീറ്ററിലെത്തുമെന്നും മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.

ഭാവിയെ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാതൃകകള്‍ ആസൂത്രണം ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം മന്ത്രാലയത്തെ സഹായിച്ചതായി ജെയിന്‍ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന തിരക്കും വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് അടുത്ത 50 വര്‍ഷത്തേക്കുള്ള അതിവേഗ ഇടനാഴികള്‍ നിര്‍മ്മിക്കുന്നത്.

രാജ്യത്തെ ദേശീയ പാതകളിലെ അപകടസാധ്യതയേറിയ ഭാഗങ്ങള്‍ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ടെന്നും അവയില്‍ മിക്കതും 2025 മാര്‍ച്ച് അവസാനത്തോടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാനര്‍മാര്‍, ഡിസൈനര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുടെ പങ്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ (ഐടിഎസ്) ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിയേണ്ടതുണ്ട്. ഈ സംവിധാനങ്ങളില്‍ മികവുപുലര്‍ത്തുന്നവരെത്തേടി അവസരങ്ങളെത്തുന്നു.

അതിവേഗം വളരുന്ന ജനസംഖ്യയും വികസിച്ചുകൊണ്ടിരിക്കുന്ന നഗരവല്‍ക്കരണവും നേരിടേണ്ടതുണ്ട്. ഇതിനായി ആധുനിക ഉപകരണങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍, സുസ്ഥിര വസ്തുക്കള്‍, സമഗ്രമായ നയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി റോഡ് അടിസ്ഥാന സൗകര്യ വികസനത്തില്‍ വിപ്ലവം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ഐആര്‍എഫ് പ്രസിഡന്റ് എമിരിറ്റസ് കെ കെ കപില അഭിപ്രായപ്പെട്ടു.