7 Sept 2025 9:43 AM IST
Summary
ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കും
ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചര്‍ച്ച നടത്തി. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതിയും ഇരു നേതാക്കളും ഫോണ്‍ സംഭാഷണത്തില്‍ അവലോകനം ചെയ്തു.
കഴിഞ്ഞയാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മാക്രോണ്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഉക്രെയ്നില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും യോജിച്ച് പ്രവര്‍ത്തിക്കും. സമാധാനത്തിലേക്കുള്ള ഒരു വഴി കണ്ടെത്തുന്നതിന് ഇരു രാജ്യഘങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.
ഉക്രെയ്നില്‍ സമാധാനം സ്ഥാപിക്കുന്നതിനും സ്ഥിരത എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ നിരന്തരമായ ആഹ്വാനം മോദി ആവര്‍ത്തിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ലോകമെമ്പാടും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ബന്ധം തുടരാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു നേതാക്കളും സമ്മതിച്ചു.
ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അവര്‍ വീണ്ടും ഉറപ്പിച്ചു. സമ്പദ് വ്യവസ്ഥ, പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
ഫെബ്രുവരിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതിന് മാക്രോണിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി മോദി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ഈ ഫോണ്‍ കോള്‍ വന്നത്.