image

2 Sept 2025 9:06 AM IST

News

ഇന്ത്യ സീറോ താരിഫ് വാഗ്ദാനം ചെയ്തതായി ട്രംപ്

MyFin Desk

trump says india has offered zero tariffs
X

Summary

എന്നാല്‍ ഇന്ത്യന്‍ നീക്കം വൈകിപ്പോയതായി യുഎസ് പ്രസിഡന്റ്


വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അത് വൈകിപ്പോയതായും വര്‍ഷങ്ങള്‍ക്കുമുമ്പേ അങ്ങനെ ചെയ്യണമായിരുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ട്രംപ് പ്രസ്താവനയുമായി രംഗത്തുവന്നത്.

'ഇന്ത്യ യുഎസുമായി വലിയ തോതില്‍ വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ യുഎസിന്റെ ഇന്ത്യയുമായുള്ള വ്യാപാരം വളരെ കുറച്ച് മാത്രമാണ്. അവര്‍ വന്‍തോതില്‍ സാധനങ്ങള്‍ നമുക്ക് വില്‍ക്കുന്നു. ഇതുവരെ പൂര്‍ണ്ണമായും ഏകപക്ഷീയമായ ബന്ധമായിരുന്നു അത്. ഇതുവരെ ഏതൊരു രാജ്യത്തെക്കാളും ഉയര്‍ന്ന താരിഫ് ഇന്ത്യ നമ്മില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്', 'ട്രംപ് പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരത്തെ 'ഏകപക്ഷീയമായ' ദുരന്തമെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യ റഷ്യന്‍ എണ്ണയും സൈനിക ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനെ എടുത്തുകാണിച്ചു. ' ഇന്ത്യ തങ്ങളുടെ എണ്ണയും സൈനിക ഉല്‍പ്പന്നങ്ങളും കൂടുതലും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്, യുഎസില്‍ നിന്ന് വളരെ കുറച്ച് മാത്രമേ വാങ്ങുന്നുള്ളൂ' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് മാറ്റിയിട്ടില്ല, എണ്ണ വിപണി സ്ഥിരപ്പെടുത്തുന്നതിനായി യുഎസ് സര്‍ക്കാര്‍ റഷ്യന്‍ എണ്ണ വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചതായി നിരവധി തവണ ഇന്ത്യ വ്യക്തമാക്കിയിട്ടുമുണ്ട്.

അതേസമയം ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയുമായും ബെയ്ജിംഗുമായുമുള്ള ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഷി ജിന്‍പിംഗ് എന്നിവരുമായി മോദി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. ഇന്ത്യ-ചൈന ബന്ധങ്ങളില്‍ പുതിയ തുടക്കമാണ് ഈ കൂടിക്കാഴ്ചയിലൂടെ ആരംഭിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് ഇന്ത്യക്കെതിരെ കൂടുതല്‍ പ്രസ്താവനായുദ്ധങ്ങളുമായി രംഗത്തുവരുന്നത്.

ഏറെ പ്രാധാന്യമുള്ള കാര്യം ഇതില്‍ യുഎസ് മാത്രമാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ ആരോപണയുദ്ധത്തില്‍ പങ്കെടുക്കുന്നില്ല. പ്രധാനമന്ത്രി ഇതുവരെ ട്രംപിനോട് പ്രതികരിച്ചിട്ടുമില്ല. ഇത് യുഎസ് പ്രസിഡന്റിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നു.