29 Aug 2025 4:07 PM IST
Summary
ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഷാങ്ഹായ് ഉച്ചകോടി
താരിഫ് ഭീഷണിക്കിടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഷാങ്ഹായ് സഹകരണ ഉച്ചകോടി. മോദി ഞായറാഴ്ച ചൈനയിലെത്തും. ആഗ്രഹിക്കുന്നത് ഇന്ത്യയുമായുള്ള സുസ്ഥിര ബന്ധമെന്ന് ചൈന.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് ബ്ലൂംബര്‍ഗും റിപ്പോര്‍ട്ട് ചെയ്യുന്നു. ഷി-മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ബന്ധം സുസ്ഥിരമാകും. ഇരുരാജ്യങ്ങളും ഒരുമിച്ചു നില്‍ക്കേണ്ടതിന്റെയും പരസ്പര സഹകരണത്തിന്റെയും ആവശ്യകത ചൈന അടുത്തകാലത്തായി എടുത്ത് പറയുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യം ചൈനീസ് പ്രസിഡന്റ് ഇന്ത്യയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുക, തന്ത്രപരമായ പങ്കാളിത്ത ശക്തിപ്പെടുത്തുക, സാമ്പത്തിക, സാങ്കേതിക സഹകരണം, പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവയും സന്ദര്‍ശന അജണ്ടയാണെന്ന് പ്രധാനമന്ത്രി മോദിയും പറഞ്ഞിരുന്നു. ഞായറാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-റഷ്യ-ചൈന സഖ്യം അമേരിക്കയ്ക്കെതിരേ ശക്തമായി ഉയര്‍ന്നുവരുമോയെന്ന് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി മോദിയ്ക്ക് പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.