19 Aug 2025 5:41 PM IST
Summary
ഇന്ത്യ-റഷ്യ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്‍ യോഗത്തില്‍ ജയശങ്കര്‍ സഹ അധ്യക്ഷനാകും
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മോസ്‌കോയിലേക്ക് തിരിച്ചു. ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
താരിഫ് വിഷയത്തില്‍ ഇന്ത്യ -അമേരിക്ക ബന്ധം ഏറെ വഷളാക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ റഷ്യന്‍ സന്ദര്‍ശനമെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ഈ മാസം ആദ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള തീരുവ ഇരട്ടിയാക്കി അന്‍പത് ശതമാനത്തിലെത്തിച്ചിരുന്നു. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നു എന്ന കാരണത്താലാണ് അധികമായി 25ശതമാനം നികുതികൂടി ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്.
ബുധനാഴ്ച നടക്കുന്ന വ്യാപാര, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക സഹകരണത്തിനുള്ള ഇന്ത്യ-റഷ്യ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്റെ 26-ാമത് സെഷനില്‍ ജയശങ്കര്‍ സഹ അധ്യക്ഷനാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൊള്ളുന്ന നടപടികള്‍ ജയശങ്കറും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്. ഉഭയകക്ഷി അജണ്ടകളും പ്രാദേശിക ആഗോള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടും ചര്‍ച്ചയാകും.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനായി അമേരിക്ക മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ജയശങ്കറിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ട്രംപും വ്ലാഡിമര്‍ പുടിനും കഴിഞ്ഞാഴ്ച അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്‌കിയും നിരവധി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും വാഷിങ്ടണില്‍ വച്ച് കൂടിക്കാഴ്ചയും നടത്തി.
യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് കൈക്കൊള്ളുന്നത്. ചര്‍ച്ചയ്ക്കും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുന്ന ഇന്ത്യ റഷ്യയുമായി അടുത്ത ബന്ധവും കാത്തുസൂക്ഷിക്കുന്നു.