2 Oct 2024 3:25 PM IST
Summary
- എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണം
- ഇറാനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം
ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരോട് സംയമനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഉത്കണ്ഠാകുലരാണെന്നും സാധാരണ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
'സംഘര്‍ഷം വിശാലമായ ഒരു പ്രാദേശിക മാനം കൈക്കൊള്ളാതിരിക്കേണ്ടത് പ്രധാനമാണ്. എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും അഭിസംബോധന ചെയ്യപ്പെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,'' ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഇറാനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഇറാനില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എംബസിക്ക് ചുറ്റും പോലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്.