24 April 2025 12:55 PM IST
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും, 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍.ഐ.ഡി.സി.സി) സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍ ' ഇന്‍ഡെക്‌സ് 2025 ' മെയ് 2 മുതല്‍ അഞ്ച് വരെ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മെയ് രണ്ടിന് എം.എസ്.എം.ഇ വകുപ്പ് കേന്ദ്ര കാബിനറ്റ് മന്ത്രി ജിതിന്‍ റാം മാഞ്ചി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ബെന്നി ബഹനാന്‍ എം.പി, റോജി എം.ജോണ്‍ എം.എല്‍.എ, അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷിയോ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എക്‌സിബിഷന്റെ തുര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്ര കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന്‍, കേന്ദ്ര മന്ത്രിമാരായ ബി.എല്‍.വര്‍മ്മ, സുരേഷ് ഗോപി, രാജീവ് രഞ്ചന്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിവിധ മന്ത്രാലയങ്ങളുടെ ജോയിന്റ് സെക്രട്ടറിമാര്‍, വിവധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലി, ഡോ.ബി.യു അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മിനിസ്ട്രി ഓഫ് മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ പ്രൈസസ് , മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി , വാണിജ്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ട്രി ആന്റ് ഡയറിംഗ് എന്നീ മന്ത്രാലയങ്ങളാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്.
രാജ്യത്തെ വ്യവസായ പുരോഗതിക്കായി നൂതന സാങ്കേതിക വിദ്യയോടെ രൂപീകരിച്ച ' ഇന്‍ഡ് ആപ്പ് ന്റെ ലോഞ്ചും ലിസ്റ്റിംഗും എക്‌സിബിഷനില്‍ നടക്കും. എക്‌സിബിഷന്റെ ഓരോ ദിവസവും തങ്ങളുടെ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും. ആദ്യ ദിവസം എംഎസ്എംഇ മന്ത്രാലയവും, രണ്ടാം ദിവസം ഭക്ഷ്യ മന്ത്രാലയവും, മൂന്നാം ദിവസം ഫിഷറീസ് മന്ത്രാലയവും ഉദ്യോഗ് വികാസ്, ഭക്ഷ്യ വികാസ്, മത്സ്യവികാസ് തുടങ്ങിയ പേരില്‍ ദിവസവും തങ്ങളുടെ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കും.