30 Nov 2023 4:15 PM IST
Summary
- പദ്ധതി നടപ്പാക്കുന്നത് 700 കിലോമീറ്റര്‍ ദൂരത്തിലെ റെയില്‍വേ ട്രാക്കുകളില്‍
- പരീക്ഷണം നടത്തിയ മേഖലകളില്‍ ട്രെയിനുകള്‍ ആനകളെ ഇടിക്കുന്നത് ഒഴിവാക്കാനായി
ട്രെയിനുകള്‍ തട്ടി ആനകള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. വനമേഖലയിലൂടെ ട്രെയിനുകള്‍ കടന്നുപോകുന്ന 700 കിലോമീറ്റർ ദൂരത്തിലാണ് ഈ എഐ നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ പദ്ധതിയുള്ളതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചില സ്റ്റാർട്ടപ്പുകളുടെ പിന്തുണയോടെ റെയിൽവേ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ കഴിഞ്ഞ വർഷം അസമിലെ 150 കിലോമീറ്റർ ദൂരത്തില്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു.
അസം, പശ്ചിമ ബംഗാൾ, ഒഡീഷ, കേരളം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ട്രെയിനുകള്‍ കടന്നുപോകുന്ന ചില മേഖലകളെ വന മേഖലകളായി റെയില്‍വേ തിരിച്ചരിഞ്ഞിട്ടുണ്ട്. ട്രാക്കുകളിലെ ആനകളുടെ സാന്നിധ്യത്തെക്കുറിച്ച് ലോക്കോ പൈലറ്റുമാരെ യഥാസമയം അറിയിക്കാൻ കഴിയുന്ന ഇടങ്ങളിലാണ് ഈ എഐ സംവിധാനം സ്ഥാപിക്കുക.
“പരീക്ഷണ ഘട്ടത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങൾ സിസ്റ്റത്തിൽ ചില മെച്ചപ്പെടുത്തലുകൾ വരുത്തി, ഇപ്പോൾ അത് ട്രാക്കുകളിൽ ആനകളുടെ സാന്നിധ്യം 99.5 ശതമാനം കൃത്യതയോടെ കണ്ടെത്തുന്നു,” വൈഷ്ണവ് കൂട്ടിച്ചേർത്തു.
ആനയെ എഐ കാണുന്നതെങ്ങനെ?
ടെലികമ്മ്യൂണിക്കേഷന്‍, സിഗ്നലിംഗ് ആവശ്യങ്ങള്‍ക്കായി റെയിൽവേ ട്രാക്കുകൾക്ക് താഴെ സ്ഥാപിച്ചിട്ടുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകള്‍ (ഒഎഫ്‍സി) പ്രയോജനപ്പെടുത്തിയാണ് നുഴഞ്ഞുകയറ്റം കണ്ടെത്തൽ സംവിധാനം (ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്‍റ്റം-ഐഡിഎസ്) സ്ഥാപിക്കുക. ഒഎഫ്‌സിക്കൊപ്പം ഘടിപ്പിക്കുന്ന ഡിവൈസ് ആനകൾ ട്രാക്കിൽ വരുമ്പോഴുള്ള വൈബ്രേഷനുകളെ തിരിച്ചറിയുകയും റെയിൽവേ ഡിവിഷൻ കൺട്രോൾ റൂമിലേക്ക് തത്സമയ അലേർട്ടുകൾ അയയ്ക്കുകയും ചെയ്യുന്നു. ഒഎഫ്‌സിയിൽ നിന്ന് 5 മീറ്റർ വരെ ദൂരത്തില്‍ ആന സഞ്ചരിക്കുന്നത് തിരിച്ചറിയാനും ഈ സംവിധാനത്തിന് കഴിയും.
700 കിലോമീറ്റർ ദൂരത്തില്‍ ഈ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നതിന് 181 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
2022 ഡിസംബര്‍ മുതല്‍ വടക്കുകിഴക്കൻ മേഖലയിലെ 11 ആന ഇടനാഴികളില്‍ നടപ്പിലാക്കിയ ഐഡിഎസ് സംവിധാനം 9,768 അലേർട്ടുകൾ ഇതിനകം സൃഷ്ടിച്ചു. ഈ സംവിധാനം നിലവിൽ വന്നതിനുശേഷം, ഈ 11 ഇടനാഴികളിലും ട്രെയിനും ആനയും കൂട്ടിയിടിച്ചത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഇത്തരം പ്രദേശങ്ങൾ കണ്ടെത്തി ഈ പദ്ധതിയുടെ വിപുലീകരണത്തിനായി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി റെയിൽവേ ചർച്ച നടത്തിവരികയാണ്.