image

19 Oct 2024 5:44 PM IST

News

ഇന്ത്യയുടെ റോഡ് ശൃംഖല യുഎസിനെക്കാള്‍ മികച്ചതാകും: ഗഡ്കരി

MyFin Desk

ഇന്ത്യയുടെ റോഡ് ശൃംഖല  യുഎസിനെക്കാള്‍ മികച്ചതാകും: ഗഡ്കരി
X

Summary

  • ഡിപിആറിലെ തെറ്റുകള്‍ തിരുത്താന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തണം
  • ഹൈവേ, ജലപാത, റെയില്‍വേ എന്നിവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്


ഇന്ത്യന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വരും കാലങ്ങളില്‍ അമേരിക്കയേക്കാള്‍ മികച്ചതായിരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കാര്യക്ഷമമായ ഹൈവേകള്‍ക്കും ജലപാതകള്‍ക്കും റെയില്‍വേയ്ക്കും ലോജിസ്റ്റിക് ചെലവ് കുറയ്ക്കാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കഴിയുമെന്നും അദ്ദേഗഹം കൂട്ടിച്ചേര്‍ത്തു. ഭോപ്പാലില്‍ നടന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി.

വരും കാലങ്ങളില്‍ ഇന്ത്യന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ അമേരിക്കയേക്കാള്‍ മികച്ചതായിരിക്കും. ഈ മാറ്റം ഇവിടെ കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം സെമിനാറില്‍ പങ്കെടുത്തവരോട് പറഞ്ഞു.

ബാംഗ്ലൂര്‍-ചെന്നൈ ഹൈവേയുടെ ഹെലികോപ്റ്റര്‍ സര്‍വേയുടെ അനുഭവം പങ്കുവെച്ച ഗഡ്കരി, ഹൈവേയുടെ അലൈന്‍മെന്റില്‍ മൂന്ന് മുതല്‍ നാല് വരെ ''വലിയ ടവറുകള്‍'' വരുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അവ നീക്കം ചെയ്യാന്‍ 300-400 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞതായും ഗഡ്കരി പറഞ്ഞു.

ഡിപിആറിലെ തെറ്റുകള്‍ തിരുത്താന്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കണമെന്ന് ഗഡ്കരി പറഞ്ഞു. എങ്കില്‍ പല തെറ്റുകളും തിരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ അഭിപ്രായത്തില്‍, 63 ലക്ഷം കിലോമീറ്റര്‍ പാതകളുള്ള ഇന്ത്യയ്ക്ക് രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുണ്ട്.

റോഡുകളില്‍ കുഴികള്‍ ഉയര്‍ന്നുവരുന്നു, എല്ലാ വര്‍ഷവും അവയുടെ പുനര്‍നിര്‍മ്മാണം ആവശ്യമാണെന്ന് ഗഡ്കരി പരിഹാസത്തോടെ പറഞ്ഞു. ഇത് ചില ആളുകള്‍ക്ക് സന്തോഷം നല്‍കുന്നു. ഇത് അവസാനിക്കണമെങ്കില്‍ വൈറ്റ് കോണ്‍ക്രീറ്റ് ടോപ്പിംഗ് അവതരിപ്പിക്കണം. 25 വര്‍ഷത്തേക്ക് റോഡിന് ഒന്നും കേടുപാടുകള്‍ ഉണ്ടാകില്ല. നാഗ്പൂരിലെ റോഡുകള്‍ കോണ്‍ക്രീറ്റുകളാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാന്‍ ഹൈവേ, ജലപാത, റെയില്‍വേ എന്നിവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ഗഡ്കരി പറഞ്ഞു. മന്ത്രിയുടെ അഭിപ്രായത്തില്‍ ലോജിസ്റ്റിക്സ് ചെലവ് ഒമ്പത് ശതമാനമായി കുറയ്ക്കാനായാല്‍ അത് കയറ്റുമതി വര്‍ധിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഇടയാക്കും.