11 April 2024 4:17 PM IST
Summary
- 2016 ഏപ്രില്‍ 11-നാണ് യുപിഐ സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചത്
- യുപിഐ സേവനങ്ങള്‍ ശ്രീലങ്ക, മൗറീഷ്യസ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്
- യുഎസ്സില്‍ ഒരു വര്‍ഷം 40 കോടി രൂപയുടെ മൂല്യം വരുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാണ് നടക്കുന്നത്
ഡിജിറ്റല്‍ പേയ്‌മെന്റിന്റെ കാര്യത്തില്‍ ഇന്ത്യ നേടിയത് ശ്രദ്ധേയമായ പുരോഗതിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ വഴി പ്രതിമാസം ഇന്ത്യയില്‍ നടക്കുന്നത് 120 കോടി രൂപയുടെ ഇടപാടുകളാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം യുഎസ്സില്‍ ഒരു വര്‍ഷം 40 കോടി രൂപയുടെ മൂല്യം വരുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാണ് നടക്കുന്നത്.
ഇത് സൂചിപ്പിക്കുന്നത് ചില മേഖലകളില്‍ ഇന്ത്യ കൈവരിച്ച ഗണ്യമായ പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.
2016 ഏപ്രില്‍ 11-നാണ് യുപിഐ സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചത്.
വിവിധ ബാങ്കിംഗ് ഫീച്ചറുകള്‍ സമന്വയിപ്പിച്ചു കൊണ്ട് ഫണ്ട് കൈമാറ്റം സുഗമമാക്കുകയും ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ പേയ്‌മെന്റുകള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്നതാണ് യുപിഐ സംവിധാനം.
യുപിഐ വഴി ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ (സിഡിഎം) പണം നിക്ഷേപിക്കാനും ഉപയോക്താക്കള്‍ക്കു സംവിധാനമൊരുക്കുമെന്നു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചിരുന്നു.
സിഡിഎമ്മുകളിലെ പണം നിക്ഷേപം നിലവില്‍ ഡെബിറ്റ് കാര്‍്ഡുകള്‍ വഴിയാണ് നടത്തുന്നത്. യുപിഐ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന സംവിധാനം വിജയിച്ച പശ്ചാത്തലത്തിലാണു പണം നിക്ഷേപിക്കാനുള്ള സംവിധാനവും ഒരുക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നത്.
ഇന്ത്യയുടെ യുപിഐ സേവനങ്ങള്‍ ശ്രീലങ്ക, മൗറീഷ്യസ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.