11 Dec 2024 8:13 PM IST
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105. 2631 ഏക്കർ ഭൂമി കൈമാറാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് സംസ്ഥാന ഓഹരി ആയി ഭൂമി കൈമാറാനാണ് തീരുമാനം.
കൊച്ചി - ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്ര യിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും 2022 ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. 2022 ഡിസംബർ 14 ന് നാഷണൽ ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ആൻ്റ് ഇമ്പ്ലിമെൻ്റേഷൻ ട്രസ്റ്റ് ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകി. 2024 ഫെബ്രുവരി 15 ന് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിൽ നിന്ന് പാരിസ്ഥിതികാനുമതിയും ലഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്.
ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ ഒരു ലക്ഷത്തിലധികം തൊഴിലുമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.