24 Sept 2024 7:14 PM IST
Summary
- പണമടച്ചില്ലെങ്കില്‍ ഇന്ധനവിതരണം നിര്‍ത്തുമെന്ന് ഐഒസി
- ഇന്ധനം ലഭിക്കുന്നതിനായി മാസം 105 മുതല്‍ 110 കോടി രൂപ വരെയാണ് ഐഒസിക്ക് നല്‍കേണ്ടത്
- ഐഒസിക്ക് കൊടുക്കേണ്ട തുക കൂടി ഉപയോഗിച്ചാണ് ഓണത്തിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്
കുടിശ്ശിക തീര്‍ക്കാത്തതില്‍ കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പു നല്‍കി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. രണ്ടു ദിവസത്തിനകം കുടിശിക തുക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇന്ധന വിതരണം നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.
ഈ മാസം 25-നകം, നല്‍കാനുള്ള 24 കോടി അടച്ചില്ലെങ്കില്‍ ഡീസല്‍ വിതരണം ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസംവരെ കെഎസ്ആര്‍ടിസി ഇന്ധന വിതരണത്തില്‍ കുടിശ്ശിക വരുത്തിയിരുന്നില്ല. കോര്‍പ്പറേഷന്റെ സര്‍വീസ് ബസുകള്‍ക്കും പമ്പുകള്‍ക്കും ഇന്ധനം ലഭിക്കുന്നതിനായി മാസം 105 മുതല്‍ 110 കോടി രൂപ വരെയാണ് ഐഒസിക്ക് നല്‍കേണ്ടത്.
ഐഒസിക്ക് കൊടുക്കേണ്ട തുക കൂടി ഉപയോഗിച്ചാണ് ഓണത്തിന് ജീവനക്കാര്‍ക്ക് ഒറ്റ തവണയായി ശമ്പളം വിതരണം ചെയ്തത്. സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ധനസഹായം അനുവദിക്കുന്ന മുറയ്ക്ക് ഐഒസിക്ക് പണം നല്‍കാം എന്നായിരുന്നു ധാരണ.
സംസ്ഥാന സര്‍ക്കാര്‍ 50 കോടി അനുവദിക്കുകയും അതില്‍ 30 കോടി കൈമാറുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന 20 കോടി അനുവദിക്കുമ്പോള്‍ ഐഒസിക്ക് കൈമാറാനായിരുന്നു പദ്ധതി. തിങ്കളാഴ്ച സര്‍ക്കാര്‍ 20 കോടി അനുവദിച്ചു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ തുക ഐഒസിക്ക് കൈമാറുമെന്ന് കെഎസ്ആര്‍ടിസിയുടെ ധനകാര്യ വിഭാഗം മേധാവി പറഞ്ഞു.