6 April 2024 4:10 PM IST
Summary
- നിലവില്‍ ബെംഗളൂരുവിലെ 37 ഡിഗ്രി സെല്‍ഷ്യസിനുമുകളില്‍ എത്തിയിരുന്നു
- എല്‍നിനോ പ്രഭാവം മാത്രമല്ല, നിയന്ത്രണമില്ലാത്ത നഗര വളര്‍ച്ചയും പച്ചപ്പുകള്‍ ഇല്ലാതാകുന്നതും കാരണം
- ബെംഗളൂരു സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പില്‍നിന്ന് 3000 അടിയിലധികം ഉയരത്തില്‍
മാര്‍ച്ച് അവസാനം ബെംഗളൂരുവിലെ ചൂട് 36 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂടേറിയ കാലാവസ്ഥയിലൂടെയാണ് ബെംഗളൂരു നിവാസികള്‍ കടന്നു പോകുന്നത്. ഏപ്രില്‍ തുടക്കത്തില്‍ ഇത് 37 ഡിഗ്രിക്കുമുകളിലേക്ക് പോയി. ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനകം തന്നെ വറചട്ടിപോലെയായിക്കഴിഞ്ഞു ഐടി തലസ്ഥാനം. പലതവണ ജലവിതരണത്തില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാവര്‍ക്കും എല്ലാദിവസവും കുളിക്കാന്‍പോലും വെള്ളം തികയുന്നില്ല. ജലത്തിന്റെ അത്യാവശ്യമല്ലാത്ത ഉപയോഗം കുറ്റകരമാക്കിയിട്ടുമുണ്ട്. വാഹനം വാഷ് ചെയ്യുകയോ ചെടികള്‍ നനക്കുകയോ ഈ കാലയളവില്‍ പാടില്ല. മണ്‍സൂണ്‍ കാലത്തിന്റെ വരവും കാത്ത് ഇന്ത്യയിലെ പൂന്തോട്ടനഗരം കാത്തിരിപ്പാണ്. അതുവരെ ജലവിതരണം സാധ്യമാകുമോ എന്ന ആശങ്കയില്‍ അധികൃതരും.
2016 ഏപ്രിലില്‍ ബെംഗളൂരുവില്‍ 39.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഇത് മറികടക്കുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ അത് ഈ നഗര ചരിത്രത്തില്‍ പുതിയ ഏട് സൃഷ്ടിക്കും.
എല്‍ നിനോയുടെ ആഘാതം, ചൂട്-ദ്വീപ് പ്രഭാവം, കോണ്‍ക്രീറ്റൈസേഷന്‍, ഗ്ലാസ് ഫേസഡ് കെട്ടിടങ്ങള്‍ എന്നിവയെല്ലാം നഗരത്തിലെ കൊടുംചൂടിന് കാരണമായി അധികൃതര്‍ പറയുന്നു.
ഏറെ വിചിത്രമായ കാര്യം സമുദ്ര നിരപ്പില്‍നിന്ന് 3000 അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുളിര്‍മയുള്ള നഗരത്തിന്റെ കാലാവസ്ഥ ഇപ്പോള്‍ അസഹനീയമാണ് എന്നതാണ്. മികച്ച കാലാവസ്ഥയുള്ള ഈ ഐടി നഗരം ലോകമെമ്പാടുമുള്ള യുവ, കഴിവുള്ള തൊഴിലാളികളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഇത്തവണ കണക്കുകൂട്ടലുകള്‍ വളരെ മുന്‍പുതന്നെ തെറ്റി. മികച്ച കാലാവസ്ഥ ബെംഗളൂരുവിനെ വിട്ടൊഴിഞ്ഞു. വേനല്‍ ഓരോ ദിവസവും കടുക്കുന്നു. 130 ദിവസത്തിലേറെയായി മഴയില്ല! കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടു.
നഗരത്തില്‍ എയര്‍കണ്ടീഷണറുകളുടെ വില്‍പ്പന വര്‍ധിച്ചു. ചൂട് മൂലമുള്ള രോഗങ്ങളും വര്‍ധിച്ചുവരികയാണ്. ഐടിജോലിക്കാര്‍ മിക്കവരും വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ച് നഗരം വിട്ടു.
ആസൂത്രിതമല്ലാത്തതും നിരുത്തരവാദപരവുമായ നഗരവല്‍ക്കരണമാണ് ബംഗളൂരുവിലെ താപനില ഉയരാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നഗരത്തിലുണ്ടായിരുന്ന തടാകങ്ങള്‍ പോലും വറ്റി. നഗരത്തില്‍ ആദ്യകാലത്ത് 1,452 ജലാശയങ്ങളുണ്ടായിരുന്നു. ഇന്നുള്ളത് 193 മാത്രമാണ്. നഗരത്തിലെ പച്ചപ്പും ഇന്ന് കുറഞ്ഞു. ഇത് മനുഷ്യന്‍ സ്വയം വരുത്തിവെച്ച വിനയാണ്. ഇന്ന് അത് നഗരവാസികള്‍ അനുഭവിക്കുന്നു. പച്ചപ്പ് മാറി പകരം കോണ്‍ക്രീറ്റ് കാടുകളായി.
മികച്ച കാലവസ്ഥ കാരണം പലരും വിശ്രമ ജീവിതത്തിനായി തെരഞ്ഞെടുക്കുന്ന നഗരമായിരുന്നു ബെംഗളൂരു. ഇന്ന് അത് ക്രമേണ അസാധ്യമായി വരികയാണ്. കാരണം നഗരത്തിന്റെ കുളിര്‍മ വര്‍ഷങ്ങളായി കുറയുന്നു. ചൂട് അസഹനീയമാകുന്നു. കുടിവെള്ളം റേഷനായി മാത്രം എത്തുന്നു. ഇത് ബെംഗളൂരു നിവാസികള്‍ക്ക് മുന്‍പ് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇതിന് മാറ്റമുണ്ടായില്ലെങ്കില്‍ ഈ നഗരം പണ്ട് കുളിര്‍മയുള്ളതായിരുന്നു എന്ന് പറയേണ്ടിവരും. ബെംഗളൂരുവിന്റെ സ്വാഭാവിക അവസ്ഥ നിലനിര്‍ത്താന്‍ അധികൃതര്‍ എന്തു നടപടി സ്വീകരിക്കും എന്ന് ജനങ്ങളും ചോദിക്കുന്നു.