15 Jun 2025 10:29 AM IST
Summary
ഇറാനിലെ ഏറ്റവും വലിയ എണ്ണപ്പാടവും ആക്രമിക്കപ്പെട്ടു
ഇറാന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഇക്കാര്യം ഇസ്രയേല്‍ പ്രതിരോധ സേന ഐഡിഎഫ് സ്ഥിരീകരിച്ചു. 'ഇറാന്‍ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട' പ്രധാന സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍ എന്ന് ഐഡിഎഫ് എക്സിലെഒരു പോസ്റ്റില്‍ പറഞ്ഞു.
പ്രസ്താവന പ്രകാരം, ഇറാനിയന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം, ഇറാന്റെ ആണവായുധ ശേഷി സൗകര്യങ്ങള്‍ എന്നിവ ആക്രമണ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ആക്രമിച്ച സ്ഥലങ്ങളിലൊന്ന് ഇറാന്‍ അവരുടെ 'ആണവ ശേഖരം' ഒളിപ്പിച്ച സ്ഥലമാണെന്നും ഐഡിഎഫ് അവകാശപ്പെട്ടു. 'ഇറാന്റെ ആണവായുധ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണങ്ങള്‍,' ഐഡിഎഫ് പറഞ്ഞു. നാശനഷ്ടങ്ങളുടെ വ്യാപ്തിയോ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നോ വ്യക്തമാക്കിയിട്ടില്ല. തുടര്‍ച്ചയായ സംഘര്‍ഷത്തിനിടയില്‍, ടെഹ്റാന്റെ ആണവ പദ്ധതിയെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കപ്പെട്ടു. ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാകുകയാണ്.
ഇസ്രയേലിന്റെ പ്രസ്താവനകളോട്ഇറാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മേഖലയില്‍ ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടാന്‍ അത് ആഗോള വിപണികളെ താറുമാറാക്കും. പ്രത്യേകിച്ച് എണ്ണവില റോക്കറ്റുപോലെ കുതിക്കും. കൂടാതെ സ്വര്‍ണവിലയും പുതിയ ഉയരങ്ങള്‍ തേടും. എണ്ണവില വില വര്‍ധിക്കുന്നത് ആഗോളതവലത്തില്‍ പ്രതിസന്ധി വര്‍ധിക്കുന്നതിന് കാരണമാകും.
ഇറാന്റെ ഊര്‍ജ്ജമേഖലയെ തകര്‍ക്കുന്ന ആക്രമണമാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. ഇറാന്റെ ഏറ്റവും വലിയ എണ്ണപ്പാടവും ആക്രമിക്കപ്പെട്ടു. ഇറാനെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്നുതന്നെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.