29 Jan 2025 3:23 PM IST
Summary
- സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണദൗത്യം വിജയം
- രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍വിഎസ്-2 ഭ്രമണപഥത്തില്‍
ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണദൗത്യം ഇസ്രൊ വിജയത്തിലെത്തിച്ചു.
ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍വിഎസ്-2 വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച 27 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി.-എഫ്. 15 കുതിച്ചുയര്‍ന്നത്.
ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. മലയാളിയായ തോമസ് കുര്യനായിരുന്നു മിഷന്‍ ഡയറക്ടര്‍. ഗതിനിര്‍ണയ, ദിശനിര്‍ണയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എന്‍.വി.എസ്.-01 2023 മേയ് 29-നാണ് വിക്ഷേപിച്ചത്.
നാവിക് സിഗ്നലുകള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാന്‍ കഴിയുന്ന എല്‍1 ബാന്‍ഡിലുള്ള ഏഴ് നാവിഗേഷന്‍ സാറ്റ്‌ലൈറ്റുകളാണ് ഇസ്രൊ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴെണ്ണത്തില്‍ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്നത്തോടെ പൂര്‍ത്തിയായി.
അമേരിക്കയുടെയും, റഷ്യയുടെയും, ചൈനയുടെയും, യൂറോപ്യന്‍ യൂണിയനെയും വെല്ലുന്ന നാവിഗേഷന്‍ സംവിധാനമാണ് ഐഎസ്ആര്‍ഒയുടെ നാവിക്. എല്ലാത്തരം ഗതാഗത സംവിധാനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും.