26 Aug 2023 3:22 PM IST
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്നും കർണാടക മുഖ്യമന്ത്രിയെ വിലക്കിയെന്നു കോൺഗ്രസ്
MyFin Desk
Summary
- കോൺഗ്രസ് നേതാവ് ജയറാം രമേശാണ് എക്സിലൂടെ ഇക്കാര്യം ആരോപിച്ചത്
- പ്രധാനമന്ത്രി ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുന്നതിന് മുമ്പേ മുഖ്യമന്ത്രി അഭിനന്ദിച്ചതിൽ നീരസമെന്നു ആരോപണം
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ( ശനി) വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിൽ നിന്ന് കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിലക്കിയതായി പരാതി. കോൺഗ്രസ് നേതാവായ ജയറാം രമേശാണ് എക്സിലൂടെ ഇക്കാര്യം ആരോപിച്ചത്.
ചന്ദ്രയാൻ 3 ന്റെ വിജയ ശില്പികളായ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞന്മാരെ അഭിനനിദിക്കാൻ ഇന്ന് ബെംഗളൂരിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയെ വിലക്കി എന്നാണ് ആക്ഷേപം.
ഐഎസ്ആർഒ യിലെ ശാസ്ത്രജ്ഞരെ ആദരിച്ചതിനാണു കർണാടക മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയതെന്നു പോസ്റ്റിൽ പറയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ശാസ്ത്രജ്ഞരെ ആദരിച്ചത് പ്രധാന മന്ത്രിക്കു നീരസം ഉണ്ടാക്കിയിട്ടുണ്ടെന്നും ജയറാം രമേശ് തന്റെ പോസ്റ്റിൽ വ്യക്തമാക്കി. ഡോ മൻമോഹൻസിങ് പ്രധാന മന്ത്രിയായിരിക്കെ 2008 ഒക്ടോബർ 22 ന് ചന്ദ്രയാൻ 1 വിജയകരമായി വിക്ഷേപിച്ചതിന് തൊട്ടു പിന്നാലെ അന്ന് ചീഫ് മിനിസ്റ്റർ ആയിരുന്ന മോദിയുടെ സന്ദർശനം പ്രധാനമന്ത്രി മറന്നിട്ടുണ്ടാവുമോ എന്നും ജയറാം രമേശ് ചോദിച്ചു.
ഐ എസ് ആർ ഒ ടീമിനെ ഔദ്യോഗികമായി അഭിനന്ദിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാംഗ്ലൂരിലെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ടെലി മെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സ് സന്ദർശിച്ച മുഖ്യമന്ത്രി'ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രിനിൽ ഇറങ്ങിയതിനു ഐ എസ് ആർ ഒ മേധാവി എസ് സോമനാഥിനെയും സംഘത്തേയും അഭിനന്ദിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ 3 വിജയകരമായി ഇറക്കിയത് ചരിത്ര നേട്ടം ആണെന്ന് മുഖ്യമന്ത്രി സിദ്ധാ രാമയ്യ പറഞ്ഞു.
ഓഗസ്റ്റ് 23 ``നാഷണൽ സ്പേസ് ഡേ'' : മോദി
ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതൽ ``നാഷണൽ സ്പേസ് ഡേ'' ആയി രാഷ്ട്രം ആഘോഷിക്കുമെന്നു പ്രധാനമന്ത്രി മോദി ഐ എസ് ആർ ഒ ആസ്ഥാനത്തു ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രജ്ഞരെ ആദരിക്കാൻ ജൊഹാന്നസ്ബർഗിൽ ബ്രിക്ക് ഉച്ചകോടിയിൽ നിന്ന് മോദി നേരെ ബെംഗളൂരിലേക്കു എത്തുകയായിരുന്നു.
ചന്ദ്രയാൻ 3 ഇറങ്ങിയപ്പോൾ അദ്ദേഹം വിദേശത്തു സമ്മേളനത്തിലായിരുന്നുവെങ്കിലും , അദ്ദേഹത്തിന്റെ ഹൃദയം ഐ എസ് ആർ ഒ ക്കു ഒപ്പമായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
``ഇന്ത്യയിൽ എത്തിയ അടുത്ത നിമിഷം ചന്ദ്രയാൻ 3 ന്റെ വിജയശില്പികളായ നിങ്ങളെ നേരിൽ കണ്ടു അഭിനന്ദിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു,'' ശാസ്ത്രജ്ഞമാരോടെ പ്രധാനമന്ത്രി പറഞ്ഞു.