3 Aug 2024 4:47 PM IST
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍. 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. തമിഴ്നാട് സര്‍ക്കാരും വയനാടിന് നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ണാടകയും വയനാട് പുനരധിവാസ പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥരെയും അയച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്സും വയനാട്ടിലെത്തിയിരുന്നു.
ദുരന്തബാധിത മേഖലയിൽ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വിഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടും നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും.വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.