18 Sept 2025 4:27 PM IST
Summary
കോണ്‍ക്ലേവിലൂടെ 500 കോടി യൂറോയുടെ വരെ നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്
മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്‌സ് കേരള - യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിന് തിരുവനന്തപുരം കോവളത്ത് തുടക്കം. കോണ്‍ക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 19ന് നടക്കും. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന കോണ്‍ക്ലേവില്‍ ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വെ ഡെല്‍ഫിന്റെ നേതൃത്വത്തില്‍ നൂറോളം പേരടങ്ങുന്ന സംഘം പങ്കെടുക്കും.
ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ബിസിനസ് ഇന്‍ ഇന്ത്യ പ്രതിനിധികളും സംസ്ഥാനത്തെ വ്യവസായ പ്രമുഖരും വിദഗ്ധരും നിക്ഷേപത്തിന് താത്പര്യമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യവസായികളും ഉള്‍പ്പെടെ 750 ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുക. ബ്ലൂ ഇക്കോണമി, വ്യാവസായിക ക്ലസ്റ്ററുകള്‍, നൈപുണ്യ വികസനം, വിദ്യാഭ്യാസം, കുടിയേറ്റം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവിലൂടെ 500 കോടി യൂറോയുടെ വരെ നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്.
സുസ്ഥിരമായ രീതിയില്‍ സമുദ്ര വിഭവങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനും ഉപജീവന മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കോണ്‍ക്ലേവ് ലക്ഷ്യമിടുന്നു. തീരമേഖലയുടെ സമഗ്ര വികസനം, മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യ മാര്‍ക്കറ്റുകളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, കയറ്റുമതി വിപുലമാക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ട് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഫിഷറീസ് വകുപ്പ് മുന്നോട്ടുവയ്ക്കുന്നു.
ആയുഷ് വകുപ്പുമായി ചേര്‍ന്ന് കേരളത്തില്‍ വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലും വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ സാധ്യത കൂടി കോണ്‍ക്ലേവില്‍ തേടും. യൂറോപ്യന്‍ സര്‍വകലാശാലകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികളും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.