9 Nov 2023 5:16 PM IST
വിലക്കയറ്റത്തെ കുറിച്ച് സംസാരിച്ചത് വിലയേറിയ കിരീടം ധരിച്ച്; ട്രോള്‍ മഴയില്‍ ചാള്‍സ് രാജാവ്
MyFin Desk
Summary
ബ്രിട്ടന്റെ രാജാവായി അധികാരമേറ്റതിനു ശേഷം ചാള്‍സ് ആദ്യമായിട്ടാണു പാര്‍ലമെന്റിന്റെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തത്
ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ട്രോള്‍ മഴയില്‍ കുളിക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെ രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പത്തെ കുറിച്ചു അദ്ദേഹം പരാമര്‍ശിച്ചു.
വിലകൂടിയ ആഭരണങ്ങള്‍ പതിച്ച കിരീടം ധരിച്ചും സ്വര്‍ണ സിംഹാസനത്തിലിരുന്നുമാണ് അദ്ദേഹം പാര്‍ലമെന്റില്‍ വിലക്കയറ്റത്തെ കുറിച്ചു സംസാരിച്ചത്. ഇതേ തുടര്‍ന്നാണു സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ പരിഹസിച്ച് ട്രോളുകള്‍ പ്രചരിച്ചത്.
പാര്‍ലമെന്റിനു പുറത്ത് രാജഭരണ വിരുദ്ധ പ്രതിഷേധം അരങ്ങേറി. പ്രകടനത്തില്‍ പങ്കെടുത്തവര്‍ ' ഇത് എന്റെ രാജാവല്ല ' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ബ്രിട്ടന്റെ രാജാവായി അധികാരമേറ്റതിനു ശേഷം ചാള്‍സ് ആദ്യമായിട്ടാണു പാര്‍ലമെന്റിന്റെ ഉദ്ഘാടന സെഷനെ നവംബര്‍ ഏഴിന് അഭിസംബോധന ചെയ്തത്.
സമ്പദ്ഘടന, വിദേശനയം, ക്രിമിനല്‍ ജസ്റ്റിസ് തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന്റെ നയങ്ങളും മുന്‍ഗണനകളും വിശദമാക്കുന്നതായിരുന്നു ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ പ്രസംഗം.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു പുതിയ സമ്മേളനത്തിന് തുടക്കമാകുന്നത് രാജാവിന്റെയോ രാജ്ഞിയുടെയോ പ്രസംഗത്തിലൂടെയാണ്. പ്രസംഗം തയാറാക്കുന്നത് സര്‍ക്കാരാണെങ്കിലും അത് പാര്‍ലമെന്റില്‍ വായിക്കുന്നത് രാജാവോ രാജ്ഞിയോ ആയിരിക്കും. ബ്രിട്ടന്‍ ഇപ്പോള്‍ പണപ്പെരുപ്പത്തിന്റെ ദുരിതത്തിലൂടെ കടന്നുപോവുകയാണ്. ഭക്ഷണങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും വില കുത്തനെ ഉയര്‍ന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തോടെ റഷ്യയില്‍നിന്നും വിതരണം ചെയ്തിരുന്ന ഊര്‍ജ്ജം ഏറെക്കുറെ നിലച്ചു. അതോടൊപ്പം ധാന്യങ്ങളുടെ ക്ഷാമവും യുദ്ധത്തെ തുടര്‍ന്നുണ്ടായി. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഭക്ഷ്യ പണപ്പെരുപ്പമാണ് ബ്രിട്ടന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.