image

21 May 2025 9:00 PM IST

News

കൊച്ചി മെട്രോ ഫീഡർ ബസ് സർവീസ് രാജഗിരി ആശുപത്രിയിലേക്ക് ആരംഭിച്ചു

MyFin Desk

കൊച്ചി മെട്രോ ഫീഡർ ബസ് സർവീസ് രാജഗിരി ആശുപത്രിയിലേക്ക് ആരംഭിച്ചു
X

കൊച്ചി നഗരത്തിൽ ജനപ്രീതി നേടിയ മെട്രോയുടെ ഫീഡർ ബസ് സർവീസ് ഇനി രാജഗിരി ആശുപത്രിയിലേക്കും. ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും രാജഗിരി ആശുപത്രിയിലേക്ക് ആരംഭിച്ച പുതിയ ചാർട്ടേർഡ് ഫീഡർ സർവ്വീസ് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാനായി ആരംഭിച്ച പൂർണമായും എയർ കണ്ടീഷൻ ചെയ്ത ഇ - ഫീഡർ ബസുകളുടെ മെട്രോ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതായി ലോക്നാഥ് ബെഹ്റ ചുണ്ടിക്കാട്ടി. രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിളളി അധ്യക്ഷത വഹിച്ചു. രാജഗിരിയിലെത്തുന്ന രോഗികൾക്കും, ജീവനക്കാർക്കും ഫീഡർ ബസുകൾ ഏറെ ഉപകാരപ്രദമാകുമെന്ന് ഫാ. ജോൺസൺ വാഴപ്പിളളി പറഞ്ഞു.

ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടിലായി പ്രതിദിനം നാലായിരത്തോളം പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നത്. മെട്രോ കണക്ട് സർവീസുകളിൽ യാത്രക്കാർ ഏറിയതോടെയാണ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതെന്ന് മെട്രോ അധികൃതർ അറിയിച്ചു.

ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും രാവിലെ 8.20 ന് ആണ് ആദ്യ സർവ്വീസ്. വൈകീട്ട് 6.45 ന് രാജഗിരി ആശുപത്രിയിൽ നിന്നും അവസാന സർവ്വീസ് നടത്തും. ആദ്യ ഘട്ടത്തിൽ ദിവസേന 7 സർവ്വീസ് എന്ന രീതിയിലാണ് ഫീഡർ ബസ് ക്രമീകരണം.