image

29 Sept 2024 3:31 PM IST

News

കൊല്‍ക്കത്തയിലെ ട്രാം സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു

MyFin Desk

avoiding a travel system with a century and a half of memories
X

Summary

  • ഗതാതക്കുരുക്കിന് ട്രാമുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് യാത്രക്കാര്‍
  • കൊല്‍ക്കത്തയില്‍, എല്ലാ കോണിലും ഗതാഗതക്കുരുക്കുണ്ട്
  • വാഹനങ്ങള്‍ പെരുകുന്നു, പുതിയ റോഡുകളില്ല


കൊല്‍ക്കത്തയില്‍ 150 വര്‍ഷം പഴക്കമുള്ള ട്രാം സംവിധാനം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കും. ട്രാമുകള്‍ നഗരത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും അതുല്യമായ മനോഹാരിതയുടെയും പ്രതീകമായിരുന്നു. എസ്പ്ലനേഡില്‍ നിന്ന് മൈതാനത്തേക്ക് ഒഴികെയുള്ള എല്ലാ റൂട്ടുകളിലും ട്രാം സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

യാത്രക്കാര്‍ക്ക് വേഗതയേറിയ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്നും ട്രാമുകളുടെ വേഗത കുറവായതിനാല്‍ പലപ്പോഴും റോഡുകളില്‍ തിരക്ക് അനുഭവപ്പെടാറുണ്ടെന്നും ഗതാഗത മന്ത്രി സ്‌നേഹസിസ് ചക്രവര്‍ത്തി പറയുന്നു.

എന്നാല്‍ ഗതാതക്കുരുക്കിന് ട്രാമുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ''കൊല്‍ക്കത്തയില്‍, എല്ലാ കോണിലും ഗതാഗത കുരുക്ക് ഉണ്ടാകാറുണ്ട്. നിരവധി വാഹനങ്ങളുണ്ട്, റോഡിന്റെ അവസ്ഥ ഇപ്പോഴും പഴയതുതന്നെ. പുതിയ റോഡുകളില്ല. ബൈപാസില്‍ പോലും ഗതാഗതക്കുരുക്കുണ്ട്, അതിനാല്‍ ഗതാഗതക്കുരുക്കിന് ട്രാമുകളെ കുറ്റപ്പെടുത്താനാവില്ല'', യാത്രക്കാര്‍ വ്യക്തമാക്കുന്നു.

ചാര്‍ജ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ ട്രാമുകള്‍ നിര്‍ത്തലാക്കിയതും യാത്രക്കാരെ നിരാശരാക്കുന്നുണ്ട്.

കൊല്‍ക്കത്തയുടെ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് ട്രാമുകളെന്നും അവയുടെ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും കല്‍ക്കട്ട ട്രാം യൂസേഴ്സ് അസോസിയേഷന്റെ (സിയുടിഎ) ഉദിത് രഞ്ജന്‍ ഗുപ്ത ചൂണ്ടിക്കാട്ടി.

1873 ഫെബ്രുവരി 24 ന് ബ്രിട്ടീഷുകാരാണ് കൊല്‍ക്കത്തയില്‍ ട്രാമുകള്‍ അവതരിപ്പിച്ചത്. പട്ന, ചെന്നൈ, നാസിക്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ അവര്‍ ഓടിത്തുടങ്ങിയെങ്കിലും ഘട്ടംഘട്ടമായി അവ നിര്‍ത്തലാക്കി.

കൊല്‍ക്കത്തയിലും ട്രാം വികസിച്ചു, 1882-ല്‍ സ്റ്റീം എഞ്ചിനുകള്‍ അവതരിപ്പിച്ചു, 1900-ല്‍ ആദ്യത്തെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാം ആരംഭിച്ചു. നഗരത്തില്‍ ഇലക്ട്രിക് ട്രാമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി ഏകദേശം 113 വര്‍ഷങ്ങള്‍ക്ക് ശേഷം, 2013-ല്‍ എസി ട്രാമുകള്‍ അവതരിപ്പിച്ചു.

2023-ല്‍, കൊല്‍ക്കത്തയിലെ ഐക്കണിക് ട്രാമുകള്‍ 150 വര്‍ഷത്തെ സേവനങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍, നഗരത്തിലുടനീളം ആഘോഷങ്ങള്‍ നടന്നു, ഗതാഗത മന്ത്രി ചക്രവര്‍ത്തിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അന്ന് ട്രാം നഗരത്തിന്റെ അഭിമാനമാണെന്ന് ചക്രവര്‍ത്തി പ്രസ്താവിച്ചിരുന്നു.