image

14 Sept 2023 8:49 PM IST

News

സി & എ ജി അന്ത്യശാസനം നൽകി, കെ എസ് ഇ ബി കഴിഞ്ഞ രണ്ടു വർഷത്തെ അക്കൗണ്ടുകൾ മാറ്റി എഴുതി

C L Jose

c&ag gave an ultimatum and kseb rewrote accounts for last two years
X

Summary

  • 2022 - ലെ ലാഭം 736.47 കോടി രൂപയിൽ നിന്ന് 97.66 കോടി രൂപയിലേക്ക് കുത്തനെ താഴ്ന്നു
  • 2023 -ലെ നഷ്ടം 807.86 കോടി രൂപയിൽ നിന്ന് 1023.61 കോടിയായി വർധിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്തെ ഏക വൈദ്യുതി വിതരണക്കാരായ കെഎസ്ഇബി ലിമിറ്റഡ് 2021-22, 2022-23 വര്‍ഷങ്ങളിലെ ലാഭ-നഷ്ട അക്കൗണ്ടുകള്‍ പുനക്രമീകരിച്ചു. ഇതോടെ 2022 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ ലാഭം 736.47 കോടി രൂപയിൽ നിന്ന് 97.66 കോടി രൂപയിലേക്ക് കുത്തനെ താഴ്ന്നു. കൂടാതെ, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രേഖപ്പെടുത്തിയ നഷ്ടം 807.86 കോടി രൂപയിൽ നിന്ന് 1023.61 കോടിയായി വർധിച്ചു.

2023 ഫെബ്രുവരി 27 ൽ നടന്ന 67ാമത് ബോര്‍ഡ് യോഗ൦ കെഎസ്ഇബിഎല്ലിന്റെ ആസ്തികള്‍ക്ക് ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡിലെ വ്യവസ്ഥകള്‍ അനുസരിച്ച് ആസ്തി ശോണനത്തിനു പണം വകകൊള്ളിക്കാൻ (ഡിപ്രീസിയേഷന്‍) തീരുമാനിച്ചതിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ അക്കൗണ്ടുകള്‍ പുനക്രമീകരിക്കേണ്ടി വന്നത്.

ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡിന്റെ (ഐഎഫ്ആര്‍എസ്) ആവശ്യകതകള്‍ നടപ്പിലാക്കാനാണ് ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് (ഐഎന്‍ഡിഎഎസ്) നിലവില്‍ വന്നത്.

വാസ്തവത്തില്‍, 2013 ല്‍ കെഎസ്ഇബിയെ കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയായി പുനസംഘടിപ്പിക്കുന്നതിന് കമ്പനിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്മാരും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും (സി &എജി) നിര്‍ദ്ദേശിച്ചതനുസരിച്ചു കെഎസ്ഇബിഎല്ലിന്റെ ആസ്്തികളുടെ പുനര്‍മൂല്യനിര്‍ണയം ആവശ്യമായിരുന്നു.

എന്നാല്‍ അവരുടെ നിർദേശത്തെ അവഗണിച്ചു ബോർഡ് കമ്പനി ആക്കി മാറ്റി. തുടർന്നുള്ള വർഷങ്ങളിൽ കമ്പനിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍ അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളിൽ ഇതിലുള്ള അവരുടെ വിയോജിപ്പ് (ഓഡിറ്റ് ക്വാളിഫിക്കേഷൻ ) രേഖപ്പെടുത്തുകയും , ആസ്തിശോഷണത്തിനു പണം നീക്കി വെക്കണമെന്ന ശക്തമായ നിലപാടെടുക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാൻ ബോർഡ് തയ്യാറായില്ല.

അവസാനം, പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (ഓഡിറ്റ് 2) 2022 ഒക്ടോബര്‍ 6 നു അന്ത്യശാസനം നൽകികൊണ്ട് കമ്പനിക്കു കത്തുനല്കി.അതോടെ കെഎസ്ഇബിഎല്‍ നു ഓഡിറ്റര്മാരുടെയും , സി & എ ജി യുടെയും നിർദേശങ്ങൾ നടപ്പാക്കേണ്ടി വന്നു.

സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍ ആവര്‍ത്തിച്ച് നല്‍കിയ വിയോജന കുറിപ്പ് ( ഓഡിറ്റ് ക്വാളിഫിക്കേഷൻ ) പരിഗണിച്ചു നടപടികൾ സ്വീകരിച്ചില്ലെങ്കിൽ , 2013 ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 143 (6) (ബി) പ്രകാരം സി & എജിയുടെ നിര്‍ബന്ധിത തുടര്‍ ഓഡിറ്റ് നടത്തില്ല എന്ന് സി & എ ജി ശക്തമായി കത്തിൽ പറഞ്ഞിരുന്നു

ഓഡിറ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കെഎസ്ഇബിഎല്‍ ആസ്തികളില്‍ നടത്തിയ പുനര്‍മൂല്യനിര്‍ണയത്തെത്തുടര്‍ന്ന് 2022-23 വര്‍ഷത്തില്‍ ആസ്തിയില്‍ 565 കോടി രൂപയുടെ അധിക ആസ്തിശോഷണം ( ഡിപ്രീസിയേഷൻ ) സംഭവിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഇത് കമ്പനിയുടെ അറ്റ ആസ്തിയില്‍ 5326 കോടി രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്.