image

14 Nov 2023 3:52 PM IST

News

നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കെടിഡിഎഫ്‌സി

MyFin Desk

KTDFC seeks more time to return money to depositors
X

Summary

ഹർജിക്കാരടക്കം നാല് കമ്പനികൾക്ക് ഇതിനകം 98.87 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും, സത്യവാങ്മൂലത്തിൽ പറയുന്നു


നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കെടിഡിഎഫ്‌സി കേരള ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചു. യഥാസമയം തുക തിരികെ ലഭിക്കാത്ത നിക്ഷേപകർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽലാണ് കെടിഡിഎഫ്‌സി എംഡി കൂടിയായ ട്രാസ്പോർട് സെക്രട്ടറി ബിജു പ്രഭാകർ പണം തിരികെ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

കെടിഡിഎഫ്‌സി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഹർജിക്കാരടക്കം നാല് കമ്പനികൾക്ക് ഇതിനകം 98.87 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും, വരുന്ന ആറ് മാസത്തിനുള്ളിൽ ബാക്കിയുള്ള നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന് കോർപ്പറേഷൻ നടപടികൾ സ്വീകരിക്കുമെന്നും പറയുന്നു.

കെ.ടി.ഡി.എഫ്.സി. അത് ചെയ്യുന്നില്ലെങ്കിൽ, ബാക്കി തീരുമാനങ്ങൾ സംസ്ഥാന സർക്കാർ നൽകുന്ന ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ എടുക്കുമെന്നും ട്രാസ്പോർട് സെക്രട്ടറി വ്യക്തമാക്കി. നീട്ടി നൽകുന്ന ആറു മാസത്തിനുള്ളിൽ കമ്പനി കാര്യങ്ങൾ ഒത്തുതീർപ്പാക്കി കെഎസ്ആർടിസിയുടെ സ്വത്തുക്കൾ കെടിഡിഎഫ്സിക്ക് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തും. സത്യവാങ്മൂലം നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.

പണം തിരികെ കൊടുക്കുന്നതിൽ സർക്കാർ ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ കാലാവധി പൂർത്തിയായിട്ടും നിക്ഷേപങ്ങൾ തിരിച്ചു കൊടുക്കാത്തതിന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ അധിക സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. നിക്ഷേപിച്ച തുക തിരിച്ചുകിട്ടാന്‍ കൊല്‍ക്കത്തയിലെ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് ഉള്‍പ്പെടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്ന് 30 ലക്ഷത്തിലേറെ രൂപയാണ് ലഭിക്കാനുള്ളത്. 12% പലിശ സഹിതം തുക തിരിച്ചുകിട്ടണമെന്നാണ് ആവശ്യം.