1 Jan 2025 11:37 AM IST
കുടുംബശ്രീ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവില്‍ 15,000 രൂപയായിരുന്ന വേതനം 20,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കുടുംബശ്രീ സംഘടന, മൈക്രോ ഫിനാന്‍സ്, മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ മൂന്ന് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനമാണ് വര്‍ധിപ്പിച്ചത്. 152 വനിതാ ബ്ലോക്ക് കോർഡിനേറ്റർമാർക്ക് ഇത് ഗുണം ചെയ്യും.
കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് വർധനവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചെയർപേഴ്സൺ ഒഴികെയുള്ള സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാൻ കഴിഞ്ഞ മാസം സർക്കാർ തീരുമാനിച്ചിരുന്നു. കുടുംബശ്രീ പ്രവർത്തകരെ ശക്തീകരിക്കാനുള്ള കൂടുതൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.