image

22 April 2025 6:28 PM IST

News

1,63,458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ ; 3.23 ലക്ഷം വനിതകൾക്ക് തൊഴിലൊരുക്കി കുടുംബശ്രീ

MyFin Desk

kudumbashree entering careging business
X

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ 163458 സംരംഭങ്ങൾ ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ മാത്രം 61158 പേർക്കാണ് തൊഴിൽ ലഭിച്ചത്.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങൾ. വിവിധ പദ്ധതികളുടെ ഭാഗമായി ഉൽപാദന സേവന മേഖലകളിലടക്കം കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്നു. ഉൽപാദന മേഖലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ. 69484 സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. അംഗൻവാടികളിലേക്ക് പൂരക പോഷകാഹാരം വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സ് തയ്യാറാക്കി നൽകുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241 യൂണിറ്റുകൾ മുഖേനയാണ്. 1680 വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്.

സ്വയംതൊഴിൽ മേഖലയിലേക്ക് കടന്നു വരുന്ന വനിതകൾക്ക് പൊതുഅവബോധന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ വികസന പരിശീലനം, വിവിധ സാമ്പത്തിക പിന്തുണകൾ എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.