21 Sept 2024 2:14 PM IST
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ വിപണന മേളകളില്‍ 28.47 കോടി രൂപയുടെ വിറ്റുവരവ്. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങളുടെ വിപണനത്തിലൂടെ 19.58 കോടിയും കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിലൂടെ 8.89 കോടി രൂപയുടെ വിറ്റുവരവുമാണ് ലഭിച്ചത്. സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 2014 ഓണം വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം.
3.6 കോടി രൂപ നേടി വിറ്റുവരവില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 164 മേളകളില്‍ നിന്നും 3.4 കോടി രൂപ നേടി ആലപ്പുഴ ജില്ല രണ്ടാമതെത്തി. 186 മേളകളില്‍ നിന്നും 3.3 കോടി രൂപ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാമതും എത്തി. വിപണനമേളകളുടെ എണ്ണത്തിലും എറണാകുളം ജില്ലയാണ് മുന്നില്‍. ആകെ 205 മേളകള്‍. 186 വിപണനമേളകളുമായി തൃശൂരും 182 മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് കണ്ണൂരും യഥാക്രമം രണ്ടു മൂന്നും സ്ഥാനത്തെത്തി.
ഓണക്കനി എന്ന പേരിൽ 6982 ഏക്കറിൽ കൃഷിയിറക്കി 144 ടൺ പച്ചക്കറിയാണ് ഇത്തവണ വിപണിയിലെത്തിച്ചത്. ഇതിലൂടെ 7 കോടി 82 ലക്ഷം രൂപയാണ് നേടിയത്. നിറ പൊലിമ എന്ന പേരിൽ 1302 ഏക്കറിൽ പൂകൃഷി ചെയ്ത് 2 കോടി 98 ലക്ഷം രൂപയ്ക്ക് വില്പന നടത്തി. 377 ടൺ പൂക്കളാണ് ഓണത്തിന് കുടുംബശ്രീ ഉദ്പ്പാദിപ്പിച്ചത്. പച്ചക്കറിയും പൂക്കളും ഓണം മേളകളിലും നേരിട്ട് കൃഷിയിടങ്ങളിലും വിൽപ്പന നടത്തി.