3 Sept 2025 12:12 PM IST
Summary
സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക കണ്‍വെന്‍ഷനാണ് ടൈകോണ്‍ കേരള
ടൈ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പതിനാലാം എഡിഷന്‍ ടൈക്കോണ്‍ കേരള 2025 സംരംഭക കണ്‍വെന്‍ഷന് നവംബറില്‍ കുമരകത്ത് നടക്കും. വിവിധ ബിസിനസ് മേഖലകളില്‍ നിന്നുമുള്ള നിരവധി കമ്പനി മേധാവികള്‍ പരിപാടിയില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക കണ്‍വെന്‍ഷനാണ് ടൈകോണ്‍ കേരള. നവംബര്‍ 21,22 തീയതികളില്‍ നടക്കുന്ന രണ്ട് ദിവസത്തെ കണ്‍വെന്‍ഷനില്‍ നൂറിലധികം നിക്ഷേപകരും 60-ല്‍അധികം പ്രഭാഷകരും ആയിരത്തിലധികം പ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈകേരള പ്രതിനിധികള്‍ അറിയിച്ചു.
ഇതിനോടൊപ്പം തന്നെ എട്ടാം എഡിഷന്‍ കാപ്പിറ്റല്‍ കഫെ സ്റ്റാര്‍ട്ടപ്പ് പിച്ച് ഫെസ്റ്റിവലും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് . സമാന പശ്ചാത്തലവും ലക്ഷ്യങ്ങളുമുള്ള ആളുകളുമായി ബന്ധപ്പെടാനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്റ്റാര്‍ട്ടപ്പ് ആശയമുള്ളവര്‍ക്കും കാപ്പിറ്റല്‍ കഫെ സ്റ്റാര്‍ട്ടപ്പ് പിച്ച് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തത് നിക്ഷേപകരെ കണ്ടെത്താനും ഈ വേദിഅവസരം നല്‍കും.
മികച്ച സംരംഭകനുള്ള അവാര്‍ഡ്,എമേര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, വനിതാ സംരംഭക അവാര്‍ഡ്,സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ടൈക്കോണ്‍ വാര്‍ഷിക അവാര്‍ഡുകളുടെ വിതരണവും ചടങ്ങില്‍ നിര്‍വഹിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് https://kerala.tie.org/ സന്ദര്‍ശിക്കുക.