25 July 2024 11:39 AM IST
Summary
- ലാ നിനയും എല്‍ നിനോയും പസഫിക് സമുദ്രോപരിതല താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു
- സമുദ്രോപരിതലത്തിലും ആഴത്തിലും താപനില ജൂണ്‍ മുതല്‍ മന്ദഗതിയില്‍
ഏഷ്യയില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ലാ നിന, ഒക്ടോബറോടെ ഉയര്‍ന്നുവന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കാരണം സമുദ്രോപരിതലത്തിലും ആഴത്തിലും താപനില ജൂണ്‍ മുതല്‍ മന്ദഗതിയിലാണ്. ഇക്കാര്യം ഓസ്ട്രേലിയയിലെ കാലാവസ്ഥാ ബ്യൂറോ (ബിഒഎം) സ്ഥിരീകരിക്കുന്നു.
മുമ്പത്തെ പ്രവചനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലാ നിന വികസനത്തിനുള്ള സാധ്യത ഇപ്പോള്‍ വസന്തകാലത്താണ് എന്ന് ഓസ്ട്രേലിയയിലെ കാലാവസ്ഥാ ബ്യൂറോ ഏറ്റവും പുതിയ അപ്ഡേറ്റില്‍ പറയുന്നു.തെക്കന്‍ അര്‍ധഗോളത്തില്‍ ഇത് ഏകദേശം സെപ്റ്റംബര്‍ 22 ന് ആരംഭിച്ച് ഡിസംബര്‍ 22 വരെ നീണ്ടുനില്‍ക്കും.
ഒക്ടോബര്‍ മാസത്തോടെ സമുദ്രോപരിതല താപനില -0.8 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള ലാ നിന പരിധിയിലെത്താനുള്ള സാധ്യതയെ 7 കാലാവസ്ഥാ മാതൃകകളില്‍ നാലെണ്ണം സൂചിപ്പിക്കുന്നതായി ബിഒഎം പറയുന്നു.
ലാ നിന - ജൂണില്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ലോകമെമ്പാടുമുള്ള കാലാവസ്ഥാ ഏജന്‍സികള്‍ ഇപ്പോള്‍ പ്രവചിക്കുന്നത് ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലാണ്.
ലാ നിനയും എല്‍ നിനോയും (ഏഷ്യയില്‍ വരള്‍ച്ചയും നീണ്ടുനില്‍ക്കുന്ന വരണ്ട കാലഘട്ടവും കൊണ്ടുവരുന്നു) പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയുമായി ബന്ധപ്പെട്ട് കിടക്കുന്നു.