4 March 2023 12:30 PM IST
Summary
- അദാനിയുടെ 10 കമ്പനികളിൽ ഏഴു കമ്പനികളുടെ ഓഹരികളാണ് എൽഐസി കൈവശം വച്ചിരിക്കുന്നത്.
- അദാനി എന്റർപ്രൈസ് നടത്തിയ 20,000 കോടി രൂപയുടെ എഫ് പി ഓയിൽ എൽ ഐ സി നടത്തിയ നിക്ഷേപമടക്കം നിലവിൽ കമ്പനികളിലുള്ള നിക്ഷേപങ്ങളെയും ഹിൻഡൻബെർഗ് വിഷയത്തെ തുടർന്ന് ചോദ്യം ചെയ്യപ്പെട്ടിരുന്നു.
യുഎസ് ആസ്ഥാനമായ അസ്സെറ്റ് മാനേജ്‌മെന്റ് കമ്പനി ജിക്യുജിയുടെ നിക്ഷേപം കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ശുഭകരമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ അദാനി ഓഹരികളിൽ, ജിക്യുജി നിക്ഷേപവുമായി മുന്നോട്ട് വന്നത്, അദാനി ഓഹരികളിൽ മാത്രമല്ല, ബാങ്കിങ് ഓഹരികളും കുതിച്ചുയരുന്നതിനു കാരണമായി. തുടർച്ചയായ മൂന്നു ദിവസങ്ങളിലും അദാനി ഓഹരികൾ നേട്ടത്തിൽ തന്നെ തുടർന്നിരുന്നു. ഈ നേട്ടം സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് ഭീമൻ എൽഐസിക്കും കാര്യമായ ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അദാനിയുടെ 10 കമ്പനികളിൽ ഏഴു കമ്പനികളുടെ ഓഹരികളാണ് എൽഐസി കൈവശം വച്ചിരിക്കുന്നത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിലുള്ള 1.28 ശതമാനം ഓഹരികൾ മുതൽ അദാനി ഗ്രീൻ എനർജിയിലുള്ള 9.14 ശതമാനം ഓഹരികൾ വരെ എൽ ഐ സി സ്വന്തമാക്കിയിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബെർഗ് പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്ന് എൽഐസിയുടെ ഈ നിക്ഷേപത്തിനും നഷ്ടം സംഭവിച്ചിരുന്നു.
ഫെബ്രുവരി 24 വരെയുള്ള കണക്കു പ്രകാരം 30,127 കോടി രൂപയുടെ മൂല്യമുള്ള ഓഹരി നിക്ഷേപം 29,893.13 കോടി രൂപയായി കുറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അദാനി ഓഹരികൾക്കുണ്ടായ മുന്നേറ്റം ഈ നഷ്ടം നികത്തുന്നതാണ്.
വെള്ളിയാഴ്ച വ്യാപാരമവസാനിച്ച സമയത്തെ വിലയനുസരിച്ച് എൽ ഐ സിയുടെ അദാനി ഓഹരികളിലുള്ള നിക്ഷേപത്തിൽ 9,000 കോടി രൂപ വർധനവാണുണ്ടായത്. കണക്കു പ്രകാരം ഓഹരി മൂല്യം 39,068.34 രൂപയിലെത്തി.
അദാനി എന്റർപ്രൈസ് നടത്തിയ 20,000 കോടി രൂപയുടെ എഫ് പി ഓയിൽ എൽ ഐ സി നടത്തിയ നിക്ഷേപമടക്കം നിലവിൽ കമ്പനികളിലുള്ള നിക്ഷേപങ്ങളെയും ഹിൻഡൻബെർഗ് വിഷയത്തെ തുടർന്ന് ചോദ്യം ചെയ്യപ്പെട്ടിരുന്നു.
2023 ജനുവരി 27 നു അവസാനിച്ച വ്യപാരത്തിൽ എൽഐസിയുടെ ആകെ നിക്ഷേപത്തിന്റെ വിപണി മൂല്യം 56,142 കോടി രൂപയായിരുന്നു. അത്രത്തോളമെത്തിയില്ലെങ്കിലും മികച്ച നേട്ടമാണ് ഇപ്പോൾ എൽഐസിക്കുണ്ടായിട്ടുള്ളത്.