1 Jan 2023 5:33 PM IST
എട്ടുമണിക്കൂറിനു ശേഷം മുടക്കു മുതലും 1,40,000 രൂപ ലാഭവും വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങി; ഗോവയില്‍ ചൂതാട്ടം നടത്തി പണം പൊടിച്ച മലയാളി പിടിയില്‍
MyFin Bureau
മങ്കട: ഗോവയിലെ കാസിനോവയില്‍ ചൂതാട്ടം നടത്തുന്നതിനായി പണം തട്ടിയ കേസില്‍ എടയൂര്‍ സ്വദേശി പിടിയില്‍. ബിസിനസ്സില്‍ ലാഭം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപയയാണ് പ്രതിയായ വളാഞ്ചേരി എടയൂര്‍ പട്ടമ്മര്‍തൊടി സുലൈമാന്റെ മകന്‍ മുഹമ്മദ് റാഷിദ്(22) തട്ടിയെടുത്തത്.
അഞ്ച് ലക്ഷം രൂപ വാങ്ങിയതായുള്ള മങ്കട സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് മങ്കട എസ്.ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഗെയിമിനും മറ്റുമായി പണം നല്‍കി പലര്‍ക്കും പണം നഷ്ടപ്പെട്ടതായി ജില്ലയില്‍ പരാതികള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി സ്ഥിരമായി കാസിനോവയില്‍ ചൂതാട്ടം നടത്തിയതായും മറ്റ് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ പങ്കെടുത്തതായും പൊലീസിന് അന്വേഷണത്തില്‍ നിന്ന് മനസ്സിലായിട്ടുണ്ട്.
യൂടൂബ് ട്രേഡിംഗ് വീഡിയോ ലിങ്കായ എംടിഎഫ്ഇയിലൂടെ ജോയിന്റ് ചെയ്ത പരാതിക്കാരിയായ യുവതിയില്‍ നിന്നും ഒരു ലക്ഷത്തിന് എട്ടുമണിക്കൂറിനു ശേഷം മുടക്കുമുതലും 1,40,000രൂപ ലാഭവും തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 5 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. ഇത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി എത്തിയത്. പ്രതിക്കെതിരെ സമാനമായ മറ്റുപരാതികളും ഉയര്‍ന്നിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്റിലാണ്.