23 Jun 2024 11:14 AM IST
പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വയനാടിന്റ ചരിത്രത്തിലെ ആദ്യത്തെ സിപിഐഎം മന്ത്രിയായാണ് കേളു രണ്ടാം പിണറായി സര്‍ക്കാരില്‍ എത്തുന്നത്. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ്. തുടര്‍ച്ചയായി പത്തുവര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഐഎം സംസ്ഥാന സമിതിയിലെ വയനാട് ജില്ലയില്‍ നിന്നുള്ള ആദ്യ പട്ടികവര്‍ഗ നേതാവാണ്. ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച കെ. രാധാകൃഷ്ണനു പകരക്കാരനായാണ് ഒ.ആര്‍ കേളു എത്തുന്നത്. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വി.എന്‍ വാസവനും പാര്‍ലമെന്‍റികാര്യം എം.ബി രാജേഷനുമാണു നല്‍കിയിരിക്കുന്നത്.