image

13 Sept 2025 3:48 PM IST

News

മണിപ്പൂര്‍ ധീരന്‍മാരുടെ നാടെന്ന് പ്രധാനമന്ത്രി

MyFin Desk

മണിപ്പൂര്‍ ധീരന്‍മാരുടെ നാടെന്ന് പ്രധാനമന്ത്രി
X

Summary

സംസ്ഥാനത്തെ സമാധാനവും സമൃദ്ധിയും കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം


മണിപ്പൂരിനെ 'ധീരന്‍മാരുടെയും വീരന്‍മാരുടെയും നാട്' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാനത്തെ സമാധാനവും സമൃദ്ധിയും തന്റെ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയായിരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗം ജില്ലയിലേക്കുള്ള യാത്രാമധ്യേ ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കാനാവില്ല എന്ന് ചുരാചന്ദ്പൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഭാവിക്കായി സമാധാനത്തിന്റെ പാതയിലേക്ക് ഇറങ്ങാന്‍ വിവിധ സംഘടനകളോട് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.

അക്രമം നിര്‍ഭാഗ്യകരമായിരുന്നു, മണിപ്പൂര്‍ പുതിയ പ്രഭാതത്തിലേക്ക് നോക്കുകയാണെന്നും കുക്കി, മെയ്തെയി ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സന്ദര്‍ശന വേളയില്‍, പ്രദേശത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ പരമ്പരാഗത സോമി, തഡോ കുക്കി ഷാളുകള്‍ നാട്ടുകാര്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കൈകൊണ്ട് വരച്ച ഒരു ഛായാചിത്രം ഒരു പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.

ചുരാചന്ദ്പൂരില്‍, നഗര അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, കണക്റ്റിവിറ്റി, വിദ്യാഭ്യാസം തുടങ്ങി 7,300 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. 3,647 കോടി വിലമതിക്കുന്ന മണിപ്പൂര്‍ അര്‍ബന്‍ റോഡ്സ് ആന്‍ഡ് ഡ്രെയിനേജ് ആന്‍ഡ് അസറ്റ് മാനേജ്മെന്റ് ഇംപ്രൂവ്മെന്റ് സംരംഭം, 2,500 കോടിയിലധികം വിലമതിക്കുന്ന അഞ്ച് ദേശീയ പാത പദ്ധതികള്‍, മണിപ്പൂര്‍ ഇന്‍ഫോടെക് ഡെവലപ്മെന്റ് പദ്ധതി എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.

ഒമ്പത് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, സൂപ്പര്‍-സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങള്‍, സ്‌കൂള്‍ ശക്തിപ്പെടുത്തല്‍ പദ്ധതികള്‍, ഇംഫാലിലെ ഖുമാന്‍ ലാമ്പക് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഒരു മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ചുരാചന്ദ്പൂരിലെ പൊതുയോഗത്തിനുശേഷം പ്രധാനമന്ത്രി ഇംഫാലിലെ കാംഗ്ല കോട്ടയിലെ പരിപാടിയിലും പങ്കെടുക്കും. വൈകിട്ട് പ്രധാനമന്ത്രി ആസാമിലേക്ക് പോകും.