8 Sept 2023 3:39 PM IST
Summary
- ഉച്ചകോടിയുടെ തിരക്കിനിടയിലാണ് കൂടിക്കാഴ്ചകള്‍
- ബൈഡനുമായുള്ള ചര്‍ച്ചകളില്‍ കണ്ണുംനട്ട് പ്രതിരോധവകുപ്പ്
- ഋഷി സുനക്കിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം
ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നേതാക്കളുമായി 15 ലധികം ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. ഉച്ചകോടി രണ്ടുദിവസമാണെങ്കിലും ചര്‍ച്ചകള്‍ ഇന്നാരംഭിക്കും.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഇന്നു ( സെപ്റ്റംബർ എട്ട്) വൈകുന്നേരം നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയാണ്. ജനറല്‍ ഇലക്ട്രിക്-എച്ച്എഎല്‍ ഫൈറ്റര്‍ ജെറ്റ് എഞ്ചിന്‍ കരാറിന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍, പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ച പ്രതിരോധ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. പദ്ധതി ഇന്ത്യയിലേക്ക് സാങ്കേതിക വിദ്യയുടെ കൈമാറ്റം വാഗ്ദാനം ചെയ്യുന്നതാണ്. ജിഇ ജെറ്റ് എഞ്ചിന്‍ പ്രശ്നം, എംക്യു -9 റീപ്പേഴ്സ്, 5 ജി, 6 ജി, സഹകരണം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ച ഏറെ ശ്രദ്ധആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. ബംഗ്ലാദേശ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഷെയ്ഖ് ഹസീനയുമായുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് കൂടിക്കാഴ്ചക്ക് പ്രാധാന്യമേറും. തന്നെയുമല്ല അവിടെയുള്ള പ്രതിപക്ഷമായ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) ഇന്ത്യന്‍ താല്‍പ്പര്യങ്ങളോട് സൗഹൃദപരമല്ലെന്ന് കരുതപ്പെടുന്നു.
സെപ്റ്റംബര്‍ 9 ന് പ്രധാനമന്ത്രി മോദി യുകെ, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അധികാരമേറ്റതിന് ശേഷമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ജര്‍മ്മനി ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരെല്ലാം ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 10ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. ഇതുകൂടാതെ, കാനഡ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ദക്ഷിണ കൊറിയ, ബ്രസീല്‍, നൈജീരിയ, കൊമോറോസ്, തുര്‍ക്കി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.