image

27 July 2024 3:14 PM IST

News

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് ആരംഭിക്കുന്നു

MyFin Desk

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് ആരംഭിക്കുന്നു
X

Summary

കപ്പൽ വലുപ്പത്തിലും ചരക്ക് കപ്പാസിറ്റിയിലും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനി


ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എം എസ് സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നതായി വ്യവസായ മന്ത്രി പി.രാജീവ്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായി 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് 1ലുള്ള ലുലു സൈബർ ടവറിൽ സ്ഥലമേറ്റെടുത്തു. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് എം എസ് സി ഉദ്ദേശിക്കുന്നതെന്ന്‌ മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാന മേഖലയായി കേരളം അടയാളപ്പെടുത്തിയിരിക്കുന്ന മാരിടൈം മേഖലയിൽ രാജ്യത്തിൻ്റെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് കൂടിയാണിത്. ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് കഴിഞ്ഞ മാസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്ന് കൂടി തെളിയിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

1970-ൽ ഇറ്റലിയിൽ ജിയാൻല്യു​ഗി അപ്പോന്റെ സ്ഥാപിച്ച അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയാണ് മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി. 1978 മുതൽ ജനീവയാണ് ആസ്ഥാനം. കപ്പൽ വലുപ്പത്തിലും ചരക്ക് കപ്പാസിറ്റിയിലും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനിയാണിത്. ആഗോള കണ്ടെയ്‌നർ കപ്പൽ വ്യവസായത്തിന്റെ 19.7 ശതമാനവും നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്.