3 Feb 2024 4:49 PM IST
നവകേരള സദസ്; 40.60 ലക്ഷം സ്‌പോണ്‍സര്‍ഷിപ്പായി കിട്ടി, വന്ന വഴി അറിയത്തില്ലന്ന് അധികൃതർ
MyFin Desk
Summary
- കഴിഞ്ഞ ഡിസംബറിലാണ് നവകേരള സദസ് അവസാനിക്കുന്നത്.
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നവകേരള സദസ് സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുകയൊന്നും അനുവദിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് നവകേരള സദസ് അവസാനിക്കുന്നത്.
പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ സംഘാടകര്‍ ഒരു തരത്തിലുള്ള ഫണ്ടും സ്‌പോണ്‍സര്‍ഷിപ്പായി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി ലഭിച്ചത്. നവകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂര്‍, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളില്‍ വന്‍ അഴിമതിയാണ് നടന്നെന്നായിരുന്നു കെഎസ്‌യു നേതാവ് ആരോപിച്ചത്.
സ്‌പോണ്‍സര്‍ഷിപ്പ് പണം സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് തുറന്നിട്ടില്ലെന്നാണ് കണ്ണൂര്‍ നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍ പ്രതികരിച്ചത്. അതേസമയം, അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ സംഘാടകര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പായി ; 40.60 ലക്ഷം രൂപ ലഭിച്ചതായി വ്യക്തമാക്കുന്നു.
എന്നിരുന്നാലും, പണം സ്‌പോണ്‍സര്‍ ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ പണമല്ലാതെ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിച്ചതിന്റെ രേഖകളില്ലെന്നുമാണ് കണ്ണൂര്‍ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രതികരിച്ചത്.