image

28 Aug 2025 11:05 AM IST

News

ഉക്രെയ്‌നില്‍ 'മോദിയുടെ യുദ്ധ'മെന്ന് യുഎസ്

MyFin Desk

ukraine, us calls it modis war
X

Summary

ഇന്ത്യ നേരിട്ട് റഷ്യക്ക് ധനസഹായം നല്‍കിയെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ്


ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഇറക്കുമതിക്കെതിരെ പടവാളെടുത്ത് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ഉക്രെയ്ന്‍ യുദ്ധത്തിന് ന്യൂഡല്‍ഹി നേരിട്ട് റഷ്യക്ക് ധനസഹായം നല്‍കിയെന്ന് നവാരോ ആരോപിച്ചു. കൂടാതെ റഷ്യയുടെ ആക്രമണത്തെ 'മോദിയുടെ യുദ്ധം' എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ബ്ലൂംബെര്‍ഗ് ടെലിവിഷനോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

്'മോദിയുടെ യുദ്ധമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്, കാരണം സമാധാനത്തിലേക്കുള്ള പാത ഭാഗികമായി ന്യൂഡല്‍ഹിയിലൂടെയാണ്,' നവാരോ പറഞ്ഞു, ഇത് യുഎസും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

ഇന്ത്യന്‍ കയറ്റുമതിയില്‍ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്. ഇതോടെ ഇന്ത്യയുടെ മൊത്തം യുഎസ് താരിഫ് നിരക്ക് 50 ശതമാനമായി ഉയര്‍ന്നു - ബ്രസീലിനൊപ്പം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

യുഎസ് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമ്പോള്‍ ഇന്ത്യ റഷ്യന്‍ ക്രൂഡില്‍ നിന്ന് ലാഭം നേടുന്നുണ്ടെന്ന് വ്യാപാര ഉപദേഷ്ടാവ് കുറ്റപ്പെടുത്തുന്നു. ഇന്ത്യ റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് നിര്‍ത്തിയാല്‍ ഉടന്‍ 25 ശതമാനം താരിഫ് കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ആശങ്കകള്‍ക്ക് മുന്നില്‍ ഇന്ത്യ ധിക്കാരം കാണിക്കുന്നുവെന്നാണ് നവാരോയുടെ പുതിയ കണ്ടുപിടുത്തം.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി തന്ത്രത്തിനെതിരെ നവാരോ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇത്. ഓഗസ്റ്റ് 21 ന് അദ്ദേഹം ഇന്ത്യയെ 'താരിഫുകളുടെ മഹാരാജാവ്' എന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ ഇന്ത്യ റഷ്യയുടെ അലക്കുശാലയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. റഷ്യന്‍ ക്രൂഡ് ശുദ്ധീകരിച്ച് വില്‍പ്പന നടത്തുന്നതിനെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

ഓഗസ്റ്റ് 6 ന് പ്രഖ്യാപിച്ച ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം 25 ശതമാനം കൂടി തീരുവ കൂട്ടി, ഇത് ഇന്ത്യയുടെ മൊത്തം യുഎസ് താരിഫ് എക്‌സ്‌പോഷര്‍ ഇരട്ടിയാക്കി. വിരോധാഭാസമെന്നു പറയട്ടെ, റഷ്യയുടെ ഏറ്റവും വലിയ എണ്ണ വാങ്ങുന്ന രാജ്യമായി ചൈന തുടരുന്നു, പക്ഷേ സമാനമായ ഉപരോധങ്ങളോ താരിഫ് വര്‍ദ്ധനവോ അവര്‍ നേരിട്ടിട്ടില്ല.