image

22 March 2026 8:49 PM IST

News

Election Commission's Directive:തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ നീക്കം: ഈ അപേക്ഷകർക്ക് മാത്രം വോട്ടു ചെയ്യാം

MyFin Desk

Election Commissions  Directive:തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ നീക്കം: ഈ അപേക്ഷകർക്ക് മാത്രം വോട്ടു ചെയ്യാം
X

Summary

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. ഇത്തവണ 18-നും 19-നും ഇടയിൽ പ്രായമുള്ള ജെൻ സി വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ട്. കൂടാതെ, പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാനുള്ള തീയതി ഏഴ് ദിവസത്തേക്ക് നീട്ടി.


നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ വോട്ട് ചേർക്കാൻ പരിഗണിക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

കമീഷന്‍റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പത്രിക സമർപ്പണത്തിൻ്റെ അവസാന ദിവസം വരെ പുതിയ വോട്ടർമാരെ ചേർക്കാൻ അവസരമുണ്ടെന്ന ചീഫ് ഇലക്ടറൽ ഓഫിസറുടെ ഉറപ്പ് പാലിക്കണമെന്നാണ് ആവശ്യം. അപേക്ഷ സ്വീകരിച്ച് വോട്ടർ പട്ടികയിൽ ഇടംപിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി 10 ദിവസം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിപ്പിൽ പറഞ്ഞു. അതിനാൽ, മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹമാകുന്നത്.

പുതിയ അപേക്ഷകളിൽ തീരുമാനം വൈകും

ഇനി ലഭിക്കുന്ന പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ മാർച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുകയോ ചെയ്യുക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷമാണ്.

ചീഫ് ഇലക്ടറൽ ഓഫിസർ വിളിച്ചുചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ നിരവധി യോഗങ്ങളിൽ പത്രിക സമർപ്പണത്തിന് അവസാന തീയതിവരെ പുതിയ വോട്ടർമാരെ ചേർക്കാൻ അവസരമുണ്ടെന്ന് ഉറപ്പ് നൽകിയിരുന്നു. 16ന് നടന്ന യോഗത്തിലും ഇക്കാര്യം ആവർത്തിച്ചു. ഇതനുസരിച്ച് പുതിയ വോട്ടർമാരെ ചേർക്കാൻ 23വരെ അവസരമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അറിയിപ്പ് നൽകി. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് സി.ഇ.ഒ നൽകിയ ഉറപ്പിൻ്റെ നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.