19 May 2025 12:46 PM IST
Summary
- ബെംഗളൂരുവില്‍ കനത്ത വെള്ളക്കെട്ട്
- വാഹനങ്ങള്‍ തകരാറിലായി
- ഗതാഗതക്കുരുക്ക് അതിരൂക്ഷം
അഭൂതപൂര്‍വമായ രാത്രിമഴയെത്തുടര്‍ന്ന് ബെംഗളൂരു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കഴിഞ്ഞ 48 മണിക്കൂറായി നഗരത്തില്‍ കനത്ത മഴയാണ്. കനത്ത വെള്ളക്കെട്ട് കാരണം വാഹനങ്ങള്‍ തകരാറിലായി. നിരവധി മരക്കൊമ്പുകള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ഗതാഗത പ്രശ്നങ്ങള്‍ക്ക് പേരുകേട്ട നഗരത്തില്‍ മഴ ഗുരുതരമായ ഗതാഗത കുരുക്കുകള്‍ക്ക് വഴിവെച്ചു.
പെട്ടെന്നുള്ള മഴയെ നേരിടാന്‍ നഗരത്തിലെ ഡ്രെയിനേജ് സംവിധാനം പരാജയപ്പെട്ടതിനാല്‍ ആളുകള്‍ മുട്ടോളം വെള്ളത്തിലൂടെ നടന്നു പോകേണ്ടി വന്നു.തെരുവുകള്‍ അരുവികളായി മാറി, നിരവധി വാഹനങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലായി. പൊതുഗതാഗത സേവനങ്ങള്‍ മന്ദഗതിയിലായതിനാല്‍ യാത്രക്കാര്‍ കുടുങ്ങി.
ജനവാസ മേഖലകളിലെ നിരവധി വീടുകളിലും വെള്ളം കയറി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദുരിതബാധിതരായ താമസക്കാരെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു.
ബെംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര, തുമകുരു, മാണ്ഡ്യ, മൈസൂരു, ഹാസന്‍, കുടക്, ബെലഗാവി, ബിദാര്‍, റായ്ച്ചൂര്‍, യാദ്ഗിര്‍, ദാവന്‍ഗരെ, ചിത്രദുര്‍ഗ എന്നീ ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. സായി ലേഔട്ടും ഹൊറമാവ് പ്രദേശവുമാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങള്‍.
കര്‍ണാടകയുടെ തീരദേശ മേഖലയില്‍ കനത്ത മഴയ്ക്ക് 'യെല്ലോ' അലേര്‍ട്ടും, കര്‍ണാടകയുടെ വടക്കന്‍, തെക്കന്‍ ഉള്‍പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് 'ഓറഞ്ച്' അലേര്‍ട്ടും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.
ബെംഗളൂരുവില്‍, ഉഡുപ്പി, ബെലഗാവി, ധാര്‍വാഡ്, ഗദഗ്, ഹാവേരി, ശിവമോഗ തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ണാടക സംസ്ഥാന ദുരന്തനിവാരണ സെല്ലിന്റെ കണക്കനുസരിച്ച്, നഗര പരിസരത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കെങ്കേരിയിലാണ്. അവിടെ 132 മില്ലിമീറ്റര്‍ മഴ പെയ്തു. ബെംഗളൂരുവിന്റെ വടക്കന്‍ ഭാഗത്തുള്ള വഡേരഹള്ളിയില്‍ 131.5 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പല പ്രദേശങ്ങളിലും രാത്രിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
തിങ്കളാഴ്ച രാവിലെ 8.30 ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കിയ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബെംഗളൂരു നഗരത്തില്‍ പെയ്ത ശരാശരി മഴ 105.5 മില്ലിമീറ്ററാണ്.
നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. പ്രത്യേകിച്ച് പ്രശസ്തമായ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, ബൊമ്മനഹള്ളി, എച്ച്ആര്‍ബിആര്‍ ലേഔട്ട് എന്നിവിടങ്ങള്‍ കെടുതി നേരിട്ടു.
വടക്കന്‍ ബെംഗളൂരുവില്‍ അയ്യപ്പക്ഷേത്രത്തിലേക്കുള്ള ന്യൂബെല്‍ റോഡ്, സരയപാല്യയിലേക്കുള്ള നാഗവാര ബസ് സ്റ്റോപ്പ്, അല്ലസാന്ദ്ര മുതല്‍ യെലഹങ്ക സര്‍ക്കിള്‍വരെ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.