28 Aug 2023 4:45 PM IST
Summary
- റിലയന്‍സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിത അംബാനി രാജി വെച്ചിരിക്കുന്നത്.
- ഇഷ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാകും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ച് നിത അംബാനി. മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാകും. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിത അംബാനി രാജി വെച്ചിരിക്കുന്നത്. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍പേഴ്‌സണെന്ന നിലയില്‍ നിത അംബാനിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ പരിപോഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നുണ്ട് റിലയന്‍സ് ഫൗണ്ടേഷന്‍.
റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, എനര്‍ജി ആന്‍ഡ് മെറ്റീരിയല്‍സ് ബിസിനസുകള്‍ എന്നിങ്ങനെ കമ്പനിയുടെ അനുബന്ധ ബിസിനസുകളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇഷ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവര്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നിയമനം ഓഹരിയുടമകള്‍ അംഗീകരിക്കണം. നിത അംബാനിക്ക് സ്ഥിരം ക്ഷണിതാവ് എന്ന നിലയില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗുകളില്‍ പങ്കെടുക്കാം.