image

2 July 2025 12:30 PM IST

News

കോവിഡ് വാക്‌സിനുകള്‍ക്ക് പെട്ടന്നുള്ള മരണവുമായി ബന്ധമില്ലെന്ന് പഠനം

MyFin Desk

study finds no link between covid vaccines and sudden death
X

Summary

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും എയിംസുമാണ് പഠനങ്ങള്‍ നടത്തിയത്


മുതിര്‍ന്നവരിലെ കൊറോണ വൈറസ് വാക്‌സിനുകളും പെട്ടെന്നുള്ള അകാല മരണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) എയിംസും നടത്തിയ വിപുലമായ പഠനങ്ങളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ജീവിതശൈലിയും മുന്‍കാല അവസ്ഥകളുമാണ് മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് പഠനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

യുവാക്കളിലെ കോവിഡ്-19 വാക്‌സിനുകളും ഹൃദയാഘാതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് ഹൃദയ സംബന്ധമായ മരണങ്ങളുമായി കോവിഡ് വാക്‌സിനുകള്‍ ബന്ധപ്പെട്ടിരിക്കാമെന്ന് അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്.

രാജ്യത്ത് 40 വയസ്സിന് താഴെയുള്ളവരില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ഈ കണ്ടെത്തലുകള്‍ . കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, 40 കളിലും 50 കളിലും പ്രായമുള്ള നിരവധി സെലിബ്രിറ്റികള്‍ പെട്ടെന്നുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിച്ചു.

നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല (40), ഗായകന്‍ കെ.കെ (53), നടന്‍ പുനീത് രാജ്കുമാര്‍ (46), ചലച്ചിത്ര നിര്‍മ്മാതാവ് രാജ് കൗശല്‍ (50), ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍, പെട്ടെന്ന് ഉണ്ടാകുന്ന വിശദീകരിക്കാനാകാത്ത മരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (എന്‍സിഡിസി) ഒരുമിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും ഇടയില്‍ ആരോഗ്യവാനാണെന്ന് തോന്നിയെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.

യുവാക്കളില്‍ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണ സാധ്യത കോവിഡ്-19 വാക്‌സിനുകള്‍ വര്‍ദ്ധിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 'ജനിതകശാസ്ത്രം, ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകാം,' ഒരു പ്രസ്താവനയില്‍ പറയുന്നു.